ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമാ മേഖലയെ പിടിച്ചുലയ്ക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് നാൾക്കുനാൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേട്ടവർ കേട്ടവർ നാണിച്ചു തല താഴ്ത്തുന്ന സ്ത്രീ വിരുദ്ധതയുടെ പുളിച്ചു നാറുന്ന കഥകൾ ആണ് ഓരോ ദിവസവും പുറത്തു വരുന്നത്.
സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ചും അതിന്റെ തീവ്രതയെ കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായി. മലയാള സിനിമ രംഗത്തു കാതലായ മാറ്റം വേണമെന്ന് ആഗ്രഹിച്ച ഒരുകൂട്ടം ചെറുപ്പക്കാർക്ക് നേരെ ഇപ്പോൾ ആരോപണങ്ങളുടെ കുന്തമുന നീളുകയാണ്. ഒറ്റയടിക്ക് വ്യാജമാണെന്ന് മനസിലാകുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഇവയിൽ ഏറിയ പങ്കും.
പേരെടുത്തു തന്നെ പറയട്ടെ, ഈ ആരോപണങ്ങൾ തൊടുത്തു വിടുന്നവർ വളഞ്ഞിട്ട് ആക്രമിക്കുന്നത് സംവിധായകൻ ആഷിഖ് അബു, നടി റിമ കല്ലിങ്ങൽ, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ തുടങ്ങി നിരവധി പേരെയാണ്.
എന്താണ് ഇവർക്ക് നേരെ പെട്ടെന്ന് ഒരു ആക്രമണം ഉണ്ടാകാൻ കാരണം?
നടിയെ ആക്രമിച്ച കേസിന്റെ സമയം മുതൽ മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതകൾക്ക് എതിരെ നിരന്തരം ശബ്ദം ഉയർത്തിയവരാണ് ഇവർ. പ്രത്യേകിച്ച് ആഷിഖ്. എ എം എം എയ്ക്കും ഫെഫ്കയ്ക്കും എതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് ആഷിഖ് ഉയർത്തിയത്. മാറ്റം അനിവാര്യമാണ് എന്ന് ആഷിഖ് തറപ്പിച്ചു പറഞ്ഞു.
ഫെഫ്കയിലെ തൊഴിലാളി വിരുദ്ധ സമീപനങ്ങൾ ചൂണ്ടിക്കാട്ടിയ ആഷിഖ് രാജി വെക്കുകയും ചെയ്തു. സ്വാഭാവികമായും ഒരു വിഭാഗത്തിന്, അതായത് മലയാള സിനിമയെ ഇത്രയും കാലം കൈവെള്ളയിൽ വെച്ചു അടക്കി ഭരിച്ച പവർ ഗ്രൂപ്പിന് ഹാലിളകി. ഈ ഹാലിളകിയ കൂട്ടത്തിൽ വലിയ വായിൽ ഇടത് സൈദ്ധതികത വിളമ്പിയിട്ട് മാടമ്പി മെയിൽ ഷൊവനിസ്റ്റ് വേസ്റ്റ് സിനിമകൾ പടച്ചു വിടുന്നവർ മുതൽ, നടിയെ ആക്രമിച്ച കേസിൽ പ്രതി ആയവർ വരെയുണ്ട് എന്നത് യാഥാർഥ്യം.
പിന്നെ ഒരൊറ്റ മാർഗമേ ഈ പറഞ്ഞ പവർ ഗ്രൂപ്പിന് മുന്നിലുള്ളൂ, വ്യക്തിഹത്യ നടത്തുക. മട്ടാഞ്ചേരി മാഫിയ എന്നും കഞ്ചാവ് എന്നും സംഘ പരിവാർ പ്രോപഗൻഡ പരത്തുന്നവർ നേരത്തെ തന്നെ മലയാള സിനിമയിലെ യുവാക്കളെ സ്റ്റാമ്പ് ചെയ്തു വെച്ചിട്ടുണ്ട് എന്നത് കൂടി ഓർക്കണം. ആ ചാപ്പ കുത്തലിനെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കാൻ ആണ് തമിഴിൽ നിന്ന് സുചിത്ര എന്നൊരു ഗായികയെ രംഗത്തിറക്കിയത്.
ഏത് സുചിത്ര? വ്യാജ പ്രചരണങ്ങൾ നടത്തിയതിന് മാപ്പ് പറഞ്ഞ, താരങ്ങളുടെ കിടപ്പറ രംഗങ്ങൾ പുറത്തു വിട്ടു നിർവൃതിയടഞ്ഞ അതെ സുചിത്ര!
തമിഴ് സിനിമ മേഖലയിൽ ഏറെ ചർച്ചയായ സുചി ലീക്ക്‌സ് എന്ന പേരിൽ ആർ ജെയും ഗായികയുമായ സുചിത്ര നടത്തിയ വെളിപ്പെടുത്തലുകൾ ഒരു കാലത്ത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ആ വാദങ്ങൾ പിന്നീട് തകർന്നടിഞ്ഞപ്പോൾ മാളത്തിലൊളിച്ച സുചിത്ര, മലയാളം സിനിമ മേഖലയെ സംബന്ധിച്ച ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം പുതിയ വിവാദവുമായി രംഗത്തു വന്നിരിക്കുകയാണ്. സംവിധായകൻ ആഷിഖ് അബു, ആഭിനയത്രി റീമാകല്ലിങ്കൽ എന്നിവരെ ലക്ഷ്യം വെച്ചു കൊണ്ടാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ചില വർഗ്ഗീയ സംഘങ്ങളും സിനിമ സംഘടന അനുകൂലികളും ഇത് ആഘോഷിക്കുകയാണ്. ഇവർക്ക് പുറമെ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ,സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ,കേരള പൊലീസ് തുടങ്ങി നിരവധി പേർക്കെതിരെ ആരോപണങ്ങൾ അഴിച്ചു വിടുകയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത തെളിവുകളുമില്ലാത്ത ആരോപണങ്ങളാണ് ഇവർക്കെതിരെ സുചിത്ര ഉന്നയിക്കുന്നത്.
എന്നാൽ സുചിത്രയുടെ വിവാദ പരാമർശത്തെ തുടർന്ന് സംഘടിതമായ ആക്രമണം നേരിടേണ്ടി വന്നത് ആഷിഖ് അബുവിനും റീമാ കല്ലിങ്കലിനുമാണ്. സിനിമ മേഖലയിലെ ലഹരിമാഫിയ ആയിട്ടാണ് ഇവരെ ഇപ്പോൾ സോഷ്യൽ മീഡിയിയലടക്കം ചില തത്പരകക്ഷികൾ ചിത്രീകരിക്കുന്നത്. സുചിത്ര ഇക്കുറി കൊളുത്തിയ വിവാദത്തെ അടിമുടി ഒരു പരിശോധന അനിവാര്യം തന്നെയാണ്. തമിഴ് ടിവി ചാനലായ എസ് എസ് മ്യൂസിക്കിനു നൽകിയ വിഡിയോയിലാണ് സുചിത്രയുടെ ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ആഷിഖ് അബുവിനെതിരെയും നടി റിമ കല്ലിങ്കലിനെതിരെയും ഉയർന്ന വിവാദം കേരളത്തിലാകെ ചർച്ചയായിരിക്കുകയാണ്. സുചിത്ര തിരികൊളുത്തിയ വിവാദത്തിന്റെ പൂർണ രൂപം വിശകലനം ചെയ്യണം.
നടിക്കെതിരെ ഉണ്ടയ ലൈംഗിക പീഡനവും, ആ കേസിൽ നടൻ ദീലീപിന്റെ അറസ്റ്റുൾപ്പടെയുളള കാര്യങ്ങളാണ് മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരഷിതരല്ല എന്ന തരത്തിൽ ചർച്ചകൾക്ക് വഴി വച്ചത്. സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതമില്ലായ്മയും അവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനുമായിയാണ് ഹേമകമ്മിറ്റി രൂപീകരിച്ചത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിലുടനീളം സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല ഷൂട്ടിങ് സെറ്റുകളിലുൾപ്പെടുന്ന പൊലീസ് സ്റ്റേഷൻ പരിധിയിലും നിരവധി കേസുകളാണ് സിനിമ മേഖലയിൽ നിന്നുള്ള സ്ത്രീകൾ നൽകിയിരിക്കുന്നതെന്നും സുചിത്ര പറയുന്നു. എതിർത്തിട്ടും തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ തുറന്നു പറയാനും വൈരമുത്തുവിനെ പോലുള്ളവർക്കെതിരെ കേസെടുകൊടുക്കാനും നിരവധി സ്ത്രീകളാണ് വന്നിട്ടുള്ളത്. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നേരത്തെ സിനിമ മേഖലയിൽ നിന്നും രജിസ്ടർ ചെയ്ത കേസുകൾ ഏതെങ്കിലും ഒന്നിനു പുനരന്വഷണം നടന്നിട്ടുണ്ടോ? ഒരു കമ്മിറ്റി റിപ്പോർട്ടിൽ എന്തിനാണ് ഇത്ര ഡീറ്റയിലായി വിശദീകരണം തരുന്നത്. മാത്രമല്ല ഈ റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമയെ പോലുള്ള സമൂഹത്തിൽ വിലയും നിലയും മുള്ള വ്യക്തികളെ ക്ഷേത്രം പണിത് പൂജിക്കേണ്ട ആവശ്യ മുണ്ടോ? ഈ റിപ്പേർട്ട് തെറ്റാണ് എന്നാണ് സുചിത്ര ഉന്നയിക്കുന്ന വാദം. ഹേമകമ്മിറ്റിയിലുൾപ്പെട്ടവർ എല്ലാം സ്ത്രികളായിരുന്നു കോടതി നിയോഗിച്ചതാണെങ്കിലും ആ കമ്മിറ്റിയിൽ ഒരു ഫെമിനിസ്റ്റ് ചിന്താഗതിയില്ലാത്ത ഒരാളെ ചേർക്കാമായിരുന്നു എന്നും സുചിത്ര പറയുന്നുണ്ട്. സ്ത്രീ പക്ഷ നിലപാട് പറയുന്ന സ്ത്രീകളാണ് ഈ കമ്മിറ്റിയെ നയിച്ചത്. അതുകൊണ്ട് തന്നെ റിപ്പോർട്ടിന്റെ 99 ശതമാനവും പെണ്ണുങ്ങൾ അനുഭിവിക്കുന്ന അതിക്രമങ്ങളാണ് വിശദീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തെളിയിക്കപ്പെടാത്ത കേസുകൾ എത്രയുണ്ടെന്ന് പറയാൻ കമ്മിറ്റിക്ക് സാധിച്ചിട്ടില്ല. കേരള പൊലീസിന്റെ തോൽവി കൂടിയാണ് ഈ റിപ്പോർട്ടെന്നും സുചിത്ര പറഞ്ഞു വയ്ക്കുന്നുണ്ട്.
ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബോളിവുഡ്, ടോളിവുഡ് അടക്കം എല്ലാ സിനിമ മേഖലകളിൽ നിന്നും ഇത്തരം ഒരു അന്വേഷണം അവരവരുടെ സിനിമ മേഖലയിൽ ഉണ്ടാവണം എന്ന പറയുന്നത് തന്നെ തെറ്റാണെന്നാണ് സുചിത്രയുടെ വാദം. അത് സിനിമ വ്യവസായത്തെ അപ്പാടെ തകർക്കുമെന്നും അവർ ഉന്നയിക്കുന്നു. എന്തിനാണ് ഇത്തരം വിവാദങ്ങൾ വീണ്ടും സൃഷ്ടിക്കപ്പെടുന്നത്. സിനിമ മേഖലയെ തന്നെ തകർക്കുന്ന ഒരു ഗുണവുമില്ലാത്ത റിപ്പോർട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് . മലയാളം സിനിമ മേഖയിൽ വീണിരിക്കുന്ന കരിനിഴലാണ് ഈ റിപ്പോർട്ട്. കുറച്ച് സ്ത്രീകൾ അവരുടെ സുഹൃത്തും നടിയുമായ ഒരാൾക്ക് നടക്കാൻ പാടില്ലാത്ത ഒരു കാര്യം നടന്നത് ഉയർത്തിപിടിച്ചു ഉണ്ടാക്കിയ കോലാഹലങ്ങളാണ് ഇപ്പോൾ റിപ്പോർട്ടിൽ എത്തിനിൽക്കുന്നത്. ആളുകൾ പറയുന്നത് നടി അറിഞ്ഞു വച്ചാണ് അന്ന് കേസിലുൾപ്പെട്ട പ്രതികൾക്കൊപ്പം പോയെതെന്നാണ്.ഇരയ്ക്കെതിരെ സുചിത്ര നടത്തിയ വിവാദ പരാമർശങ്ങൾ അതിരു കടക്കുന്നവയായിരുന്നു എന്നത് അഭിമുഖം കാണുന്നവർക്ക് മനസിലാകും. കോടതിയിൽ കേസ് നടക്കുന്ന വിഷയമായതിനാൽ അതുമായി ബന്ധപ്പെട്ട് അവരുടെ പരാമർശം പൂർണമായും നൽകാൻ സാധിക്കില്ല. കോടതി ആണ് വസ്തുത തിരിച്ചെറിഞ്ഞ് നടപടിയെടുക്കേണ്ടത്.
സുചിത്രയുടെ മറ്റൊരു ആരോപണം, കേരള മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും മമ്മൂട്ടിയും ഇപ്പോഴത്തെ യുവനടൻമാരായ ഫഹദ് ഫാസിൽ,സൗബിൻ സഹീർ, സംഗീത സംവിധായകൻ സുശീൽ ശ്യാം അടക്കമുള്ളവരെ ഒതുക്കാൻ രൂപീകരിച്ച കമ്മിറ്റിയാണ് ഹേമ കമ്മിറ്റി എന്നതാണ്. എന്നാൽ, അതിന് നേതൃത്വം നൽകിയവരുടെ സ്വന്തം കാലിൽ തന്നെ വെട്ടിയെന്നും സുചിത്ര പറയുന്നു. യുവനിരയിൽപ്പെട്ട നടന്മാരുടെ സിനിമകളാണ് ഇപ്പോൾ വിജയിക്കുന്നത്. റോഷാക് പോലുള്ള സിനിമകളിൽ മമ്മൂട്ടി വളരെ കഷ്ടപ്പെട്ടാണ് അഭിനയിച്ചത്. അദ്ദേഹത്തിന്റെ പ്രായം മൂലം യുവാക്കൾ ചെയ്യുന്ന തരത്തിലുള്ള സിനിമകളഭിനയിക്കാൻ സാധിക്കുന്നില്ല. എല്ലാ സിംഹങ്ങളും പ്രായം ചെന്നാലും അവരുടെ സ്ഥാനം വിട്ടുനൽകാൻ മുതിരാറില്ല. അതൊരു വസ്തുത തന്നെയാണ്. ഫഹദ് ഫാസിലിനേയും അദ്ദേഹത്തിന്റെ സുഹൃത്തുകളെയും സിനിമ മേഖലയിൽ നിന്നും ഒഴിവാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. മമ്മൂട്ടി അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ മകനു വേണ്ടിയായിരിക്കുമെന്നും സുചിത്ര കുറ്റപ്പെടുത്തുന്നുണ്ട്.
സമൂഹത്തിലെ പല പ്രശസ്തരായ വ്യക്തികളേയും ഫോൺ ചെയ്ത് എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് നിങ്ങൾ ഒരു അഭിപ്രായം പറയുന്നില്ല എന്ന് നിരന്തരം ശല്യപ്പെടുത്തുകയാണെന്ന് റീമ കല്ലിങ്കലിനെതിരെ ഇവർ ആരോപിക്കുന്നു. കേരളത്തിലെ ചില സ്ത്രീകൾ കാശുകൊടുത്ത് ചെയ്തിരുന്ന ഇന്റർവ്യൂകൾ അവസാനിച്ചു. അപ്പോൾ ഈ വിഷയം ചർച്ചയായി നിർത്താൻ തമിഴ് നടൻ വിശാലിനെ പോലുള്ള പ്രമുഖ നടൻമാരെ റിമ കല്ലിങ്കൽ സമീപിക്കുന്നതായും 230 ഓളം വരുന്ന റിപ്പോർട്ട് അയച്ച് കൊടുത്തിട്ട് പഠിച്ചിട്ട് അഭിപ്രയം പറയാൻ ഇവർ നിർബന്ധിക്കുന്നുണ്ടെന്നും സുചിത്ര വാദിക്കുന്നു. തമിഴ് സിനിമ വ്യവസായത്തിൽ ഹേമ കമ്മിറ്റി പോലെ മറ്റൊരു കമ്മിറ്റി വേണമെന്ന് തമിഴ് നടൻ വിശാൽ പറഞ്ഞത് അദ്ദേഹത്തിന്റെ നിലനിൽപ്പിന് വേണ്ടിയാണ്. നിലവിൽ തമിഴ് സിനിമയിൽ വിശാലിന്റെ സ്ഥാനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ആ സ്ഥാനം തിരികെ പിടിക്കാനായി നടൻ നടത്തുന്ന ശ്രമങ്ങളായി വേണം അദ്ദേഹത്തിന്റെ പ്രസ്ഥാവനയെ കാണാൻ എന്നു സുചിത്ര പറഞ്ഞു.
റീമാകല്ലിങ്കലിന്റെ കരിയർ തകരാൻ കാരണം അവർ സംഘടിപ്പിക്കുന്ന പാർട്ടികളാണെന്നാണ് സുചിത്രയുടെ മറ്റൊരു വാദം.കമൽഹാസനെതിരെയും ഇതിനു മുമ്പും ഇപ്പോഴും ഇതുപോലൊരു മയക്കുമരുന്നു ആരോപണം സുചിത്ര നടത്തിയിട്ടുണ്ട്. അദ്ദേഹം സിനിമയുടെ സക്സസ് പാർട്ടിയിലും മറ്റ് പാർട്ടികളിലും മദ്യം മറ്റ് ലഹരി പദാർത്ഥങ്ങളും വിളമ്പുന്നുണ്ടെന്ന് സുചിത്ര പറയുന്നു. സുചിത്ര ഉന്നയിക്കുന്ന അരേപണങ്ങൾ തെളിയിക്കാൻ ഒരു തെളിവുപോലും പുറത്തുവിടാൻ സാധിക്കുന്നില്ല എന്ന വസ്തുത നിലനിൽക്കെ ആണ് ഇത്തരം ആരോപണങ്ങൾ തുടരെ ഉന്നയിക്കുന്നത് എന്നതും അറിഞ്ഞിരിക്കേണം.
സുചിത്ര 2017-ൽ തമിഴ് സിനിമയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവർ വലിയ മാനസിക സംഘർഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുൻ ഭർത്താവ് കാർത്തിക് കുമാർ രംഗത്ത് വന്നുവെങ്കിലും വിവാദപ്രസ്താവനകളുമായി സുചിത്ര അഭിമുഖങ്ങളിൽ വന്നു. കാർത്തിക് സ്വവർഗ്ഗാനുരാഗിയാണെന്നും വിവാഹമോചനത്തിന് അതും കാരണമായിട്ടുണ്ടെന്നും സുചിത്ര നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കാർത്തികിനെ സ്വവർഗ്ഗാനുരാഗിയെന്നു വിളിച്ചതിനു കാർത്തികിനോട് തന്നെ പരസ്യമായി മാപ്പ് പറയേണ്ടി വന്ന വ്യക്തിയാണ് സുചിത്ര. കാർത്തിക് കുമാർ കേസുമായി മുന്നോട്ട് പോയപ്പോളാണ് സുചിത്ര മാപ്പിരന്നു രംഗത്തെത്തിയത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ, സംവിധായകനും നിർമാതാവുമായ കരൺ ജോഹർ തുടങ്ങി പ്രമുഖരാണ് സുചിത്രയുടെ തെളിവില്ലാത്ത ആരോപണങ്ങളുടെ ഇരകളാകേണ്ടി വന്നത്.
മലയാളി പൊതു സമൂഹത്തിനു മുന്നിൽ ഇതിനോടകം പ്രചരിച്ച ആ കഞ്ചാവ്, മട്ടാഞ്ചേരി മാഫിയ കഥ ഒന്നുകൂടി എടുത്തു വീശി പ്രതികരിക്കുന്ന യുവതയെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണ് മലയാള സിനിമയിലെ മാടമ്പികൾ. കാര്യങ്ങൾ വ്യക്തമാണ്, തെറ്റ് ചൂണ്ടി കാണിച്ചാൽ ലഹരിക്ക് അടിമയാക്കും, മാഫിയ ആക്കും. മിണ്ടാതിരുന്നാൽ കൈ നീട്ടം തന്നു കൂടെ നിർത്തും. നാളായ സിനിമയിലെ കാരണ ഭൂതന്മാർ എത്ര കുലീനർ!