വൈശാഖ് അന്തിക്കാട്
രണ്ടാം ലോക മഹായുദ്ധകാലത്ത് ഉശിരന്‍ പോര്‍മുഖങ്ങള്‍ക്ക് സാക്ഷിയായിരുന്നു മണിപ്പൂര്‍. ജാപ്പനീസ് സൈന്യവും സഖ്യശക്തികളും തമ്മില്‍ കൊലവിളിച്ച് പരസ്പരം വീരഗാഥകള്‍ രചിച്ച ചരിത്രമുണ്ട് ‘ഇന്ത്യന്‍ രത്‌നം’ എന്നറിയപ്പെടുന്ന മണിപ്പൂരിന്. 1947 ല്‍ സ്വാതന്ത്ര്യം അണിഞ്ഞ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിനു മുന്‍പ് നാട്ടുരാജ്യമായി ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ കഴിയുമ്പോഴും കൊച്ചു മണിപ്പൂരിന് രത്‌ന തിളക്കം തന്നെയായിരുന്നു.
ഭൂമിശാസ്ത്രപരമായ വ്യത്യസ്തതയില്‍ മണിപ്പൂര്‍ ജനതയും വ്യത്യസ്തമായ ജീവിത ശൈലികള്‍ തന്നെയാണ് പുലര്‍ത്തി പോന്നിരുന്നത്. താഴ്‌വരകളും കുന്നുകളുമാണ് മണിപ്പൂരിലെ മനുഷ്യരുടെ ജീവിതത്തെ വ്യത്യസ്തമായി വരച്ചു ചേര്‍ത്തത്. മെയ്‌തെയ് വിഭാഗമാണ് മണിപ്പൂര്‍ ജനതയുടെ പകുതിയില്‍ കൂടുതലും. പ്രകൃതിയില്‍ അത്രമേല്‍ വിശ്വാസം കല്‍പ്പിച്ചിരുന്ന സനാമഹിസത്തിലും, ഭൂരിപക്ഷം ഹിന്ദു മതത്തിലും വിശ്വസിക്കുന്നവരുമാണ്. കുക്കി എന്ന മറ്റൊരു വിഭാഗം കുന്നുകളിലും വനപ്രദേശങ്ങളിലും സ്ഥിരതാമസമാക്കിയവര്‍.ഏകദേശം പതിനാറുശതമാനത്തോളം വരുന്ന ഇവര്‍ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളാണ്. മറ്റൊരു വിഭാഗമാണ് നാഗകള്‍ എന്നറിയപ്പെടുന്നത്. കുക്കിക്കളെക്കാള്‍ ഭൂരിപക്ഷമുള്ള ന്യൂനപക്ഷമാണ് ഇവര്‍. നാഗകള്‍ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികള്‍ തന്നെ. എന്നാല്‍ കഴിഞ്ഞ മെയ് ആദ്യ വാരം മുതല്‍ അത്ര ശുഭകരമല്ല മണിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വാര്‍ത്തകള്‍. ഇപ്പോഴും കലാപഭൂമിയാണ് അവിടം.
എങ്ങിനെയാണ് ഈ വേവുന്ന കാലം അവിടെ സൃഷ്ടിക്യപ്പെട്ടത്? അതിനെ നാം വിശകലം ചെയ്യേണ്ടതു തന്നെയാണ്. ആരാണ് ആ കൊച്ചു സംസ്ഥാനം ഇപ്പോള്‍ ഭരിക്കുന്നത്? കഴിഞ്ഞ രണ്ട് തവണയായി ബിജെപി സര്‍ക്കാറാണ് മണിപ്പൂരില്‍. കോണ്‍ഗ്രസ് എംഎല്‍എമാരെ കുതിര കച്ചവടത്തിലൂടെ സ്വന്തം പാളയത്തിലാക്കി അധികാരം ഉറപ്പിച്ചാണ് ബിജെപി ഒന്നാംതവണ സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ രണ്ടാം തവണ ഭൂരിപക്ഷമുള്ള ഒറ്റകക്ഷിയായി അധികാര തുടര്‍ച്ചയാണ് മണിപ്പൂരില്‍. കോണ്‍ഗ്രസ് വിട്ടെത്തിയ മെയ്‌തെയ് വിഭാഗത്തിലെ ബീരേന്‍ സിങ് രണ്ടാം തവണയും മുഖ്യമന്ത്രിയായി. ഇവിടം മുതല്‍ ഇന്നു കാണുന്ന കലാപത്തിന്റെ കറുത്ത പുക ഉയര്‍ന്നു തുടങ്ങി. പ്രതിപക്ഷ പാര്‍ട്ടികളെക്കാള്‍ വലിയ തലവേദന ഉള്‍പാര്‍ട്ടിയില്‍ ഉള്ളുലക്കുകയായിരുന്നു ബീരേന്‍ സിങിനെ. ഇപ്പോഴിതാ കലാപാവും, രാജി നാടകവും.
കുക്കി-മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാലപ്പഴക്കമുണ്ട്. ഗോത്രവര്‍ഗ്ഗമായ കുക്കികളാണ് വനഭൂമി ഉള്‍പ്പടെയുള്ള ഭൂരിപക്ഷ ഭൂമിയുടെ അവകാശികള്‍. ജീവിത നിലവാരത്തില്‍ നേരിയ തോതില്‍ ഇവര്‍ മെച്ചപ്പെടുമ്പോഴൊക്കെ ഹിന്ദുമേല്‍ക്കോയ്മയുള്ള മെയ്‌തെയ് അക്രമങ്ങള്‍ അഴിച്ചുവിടും. സര്‍വ്വസ്വവും തകര്‍ത്ത് തരിപ്പണമായാലും നഷ്ടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവരാണ് കുക്കികള്‍. ഇത് പലകുറിയും കാലം തെളിയിച്ചതാണ്. എന്നാല്‍ ഇക്കുറി കുക്കികളെ ഇല്ലായ്മ ചെയ്യുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. മെയ്‌തെയ് വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തുന്നതോടെ കുക്കികള്‍ക്ക് അവകാശപ്പെട്ട വനഭൂമിയും കുന്നുകളും പിടിച്ചെടുക്കുകയും മതസ്പര്‍ദ പടര്‍ത്തി ക്രിസ്ത്യന്‍ വിഭാഗത്തെ തുരത്തുക എന്ന അജണ്ട നടപ്പിലാക്കാന്‍ കലാപത്തെ പ്രയോജനപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. മെയ്‌തെയ് സംവരണ വിഷയത്തില്‍ ബീരേന്‍ സിങ് തന്റെ സ്വന്തം വിഭാഗത്തോടൊപ്പം നിലകൊണ്ടതാണ് പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയത്. ബിജെപി എക്കാലത്തും ഉയര്‍ത്തുന്ന വര്‍ഗ്ഗീയ ധ്രുവീകരണ തന്ത്രം തന്നെയാണ് മണിപ്പൂരിലും ആവര്‍ത്തിക്കുന്നത്. ഭരണാധികാരി എന്ന നിലയില്‍ ഇരുവിഭാഗങ്ങളുടേയും വിഷയങ്ങള്‍ പരിഹരിക്കുന്നതിനു പകരം ബിജെപി ക്രിസ്തുമത വിശ്വാസികളെ ശത്രുക്കളായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.
മെയ് 3 ന് സംവരണ വിഷയവുമായി ബന്ധപ്പെട്ട് കുക്കി സ്റ്റുഡന്റ്‌സ് യൂണിയന്‍ ചുരാചന്ദ്പൂരില്‍ നടത്തിയ റാലിയിലേക്ക് അപരിചിതരായ ചിലര്‍ കടന്നു കൂടുകയും അക്രമങ്ങള്‍ തുടങ്ങുകയുമായിരുന്നു. ആരായിരിക്കും ഈ അക്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ചവര്‍?ബിജെപി പാളയത്തില്‍ ആസൂത്രിതമായി തീരുമാനിച്ച അജണ്ട അക്രമികള്‍ നടപ്പിലാക്കുകയായിരുന്നു,എന്നു വേണം നാം വിലയിരുത്താന്‍.
ഗുജറാത്ത് കലാപത്തിന്റെ ആസൂത്രകനായ മോദി കേന്ദ്രം ഭരിക്കുമ്പോള്‍, ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ മറ്റൊരു കലാപം 3 മാസത്തോട് അടുമ്പോള്‍ ഇന്ത്യന്‍ ജനതയില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്തിനു വേണ്ടി ഈ കലാപം? എന്തുകൊണ്ട് ഇത്രയും ദിവസമായി കലാപത്തെ അടിച്ചമര്‍ത്താന്‍ ബിജെപി സംസ്ഥാന സര്‍ക്കാരിനോ, കേന്ദ്ര സര്‍ക്കാരിനോ കഴിയുന്നില്ല? തന്റെ രാജ്യത്തെ ഒരു സംസ്ഥാനം കത്തിയമരുമ്പോള്‍ പ്രധാനമന്ത്രി എന്തുകൊണ്ട് നിശബ്ദനായിരിക്കുന്നു? മണിപ്പൂരിലെ ഭരണ-പ്രതിപക്ഷ സംഘം ഡല്‍ഹിയില്‍ മോദിക്ക് അരികില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഒരു ചര്‍ച്ചക്ക് പോലും വേദിയൊരുക്കുന്നില്ല? ഇക്കാലമത്രയും കാടും, വന വിഭവങ്ങളുമായി നടന്ന കുക്കികള്‍ എങ്ങിനെയാണ് തീവ്രവാദികളും, ദേശദ്രോഹികളും നുഴഞ്ഞുകയറ്റക്കാരുമാകുന്നത്? അക്രമികള്‍ പിടിച്ചെടുത്ത പ്രതിരോധ തോക്കുകള്‍ എന്തുകൊണ്ട് റെയ്ഡ് ചെയ്ത് പിടിച്ചെടുക്കുന്നില്ല?
ഇത്തരം ചോദ്യങ്ങള്‍ക്ക് ഒറ്റൊറ്റ ഉത്തരമേ ഉള്ളൂ. മണിപ്പൂരിലേത് ബിജെപി സ്‌പോണ്‍സേഡ് കലാപമാണ്. പ്രധാനമന്ത്രിയുടെ മൗനസമ്മതത്തോടെ ബിജെപി നടത്തുന്ന മറ്റൊരു ഗുജറാത്ത് കലാപം. ഏകമത സ്ഥാപനത്തിനു വെമ്പല്‍ കൊള്ളുന്ന മോദി ഭൂരിപക്ഷമുള്ള ഒരു വിഭാഗത്തെ പ്രീതിപ്പെടുത്തി അന്യമതസ്ഥരെ ചുട്ടു കൊല്ലുന്നതിനു വേണ്ടി തിട്ടൂരം വാങ്ങിയിരിക്കുന്നു. ആരാധനാലയങ്ങള്‍ പൊളിച്ച് മതവികാരത്തെ വ്രണപ്പെടുത്തുക. തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ രാഷ്ട്രീയ ലാഭം കൊയ്യുക. ഈ പ്രവണ രാജ്യത്തുടനീളം മോദിയും ബിജെപിയും ഇനിയും സ്‌പോണ്‍സര്‍ ചെയ്യും. മണിപ്പൂര്‍ ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കും.ബിജെപി അതിനു കോപ്പുകൂട്ടിയിരിക്കുന്നു. മതേതര ഇന്ത്യയേയും ജനാധിപത്യത്തേയും തകര്‍ക്കുന്ന മോദി ഭരണത്തെ പിടിച്ചു കെട്ടേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന്റെ ആവശ്യവും അനിവാര്യതയുമായിരിക്കുന്നു.