ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്(ടിഐഎസ്എസ്) ൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. സാമൂഹിക ശാസ്ത്ര വിദ്യാഭ്യാസത്തിനു മുൻതൂക്കമേകി മുംബൈയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പ്രൊഗ്രസ്സീസ് സ്റ്റുഡന്റ്‌സ് ഫോറം (പിഎസ്എഫ്) പാർട്ടിയെ നിരോധിച്ചത്. “വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നു” എന്നും “ഇൻസ്റ്റിറ്റ്യൂട്ടിനെ അപകീർത്തിപ്പെടുത്തുന്നു” എന്നും ആരോപിച്ചാണ് പിഎസ്എഫിനെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിലക്കിയിരിക്കുന്നത്. പിഎസ്എഫിന് പിന്തുണ നൽകി പ്രവർത്തിക്കുന്ന വിദ്യാർഥി/അധ്യാപകർ എന്നിവരും നടപടി നേരിടുമെന്ന് നോട്ടീസിൽ പറയുന്നു.
പിഎസ്എഫ് ഒരു രാഷ്ട്രീയ സംഘടനയാണെന്നും വിദ്യാർഥികൾക്കായി ജനാധിപത്യ സെക്കുലർ അന്തരീക്ഷം ഒരുക്കലാണ് ഇവരുടെ ലക്ഷ്യമെന്നും ഈ സംഘടനയുടെ സോഷ്യൽ മീഡിയ പേജുകൾ വ്യക്തമാക്കുന്നു. പിഎസ്എഫ് നിരവധി വിവാദങ്ങൾക്ക് ഇടയിൽ നിൽക്കുമ്പോഴാണ് ടിസിൽ നിന്ന് ഈ വിലക്ക്. ജനുവരി 2023-ൽ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രദർശനത്തിൽ ഇവർ പങ്കാളികളായിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയെന്ന പേരിൽ രാംദാസ് കെ.എസ്. എന്ന ഗവേഷക വിദ്യാർഥിയെ ടിസ് സസ്പന്റ് ചെയ്തിരുന്നു. രാംദാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പിഎസ്എഫ് പ്രതിഷേധിച്ചിരുന്നു. ഇതിന് പുറമേ നിരവധി വിഷയങ്ങളിൽ പിഎസ്എഫ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പ്രവർത്തിച്ചിരുന്നു. ടിസിന്റെ ഇപ്പോഴത്തെ നടപടി ജനാധിപത്യ ദംശനമാണെന്ന് സംഘടനയിലെ ചില വിദ്യാർഥികൾ പറയുന്നു
എന്താണ് പിഎസ്എഫ്
എസ്എഫ്ഐയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വിദ്യാർത്ഥി ഗ്രൂപ്പാണ് പിഎസ്എഫ്. 2012 മുതൽ ടിഐഎസ്എസ് ക്യാമ്പസിൽ പിഎസ്എഫ് സജീവ സാന്നിധ്യമാണ്. ടിസിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇടപെടുകയും ക്യാമ്പസിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ സംഘടനകളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും യൂണിയന്റെ പ്രധാന ഭരവാഹിസ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് പിഎസ്എഫ്.
ടിസ് ക്യാമ്പസിൽ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ പിന്തുണയോടെ വിവിധ തരം ക്യാമ്പനുകൾ സംഘടിപ്പിക്കാൻ പിഎസ്എഫ് എന്നും രംഗത്തുണ്ടായിരുന്നു. വിദ്യാർത്ഥി സംഗമങ്ങളും ഒപ്പ് ക്യാമ്പനുകളും സംഘടിപ്പിക്കുന്നതിനും പിഎസ്എഫ് നേതൃത്വം നൽകിയിട്ടുണ്ട്. ഭഗത് സിങ്ങിന്റെ ഓർമ്മ ദിവസം പിഎസ്എഫ് ക്യാമ്പസിൽ വർഷങ്ങളായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഭഗത് സിങ് അനുസ്മരണം നടത്താൻ അധികൃതർ അനുമതി നൽകിയിരുന്നില്ല.
പിഎസ്എഫ് നിരോധനത്തിനു ടിഐഎസ്എസ് അധികൃതർ പറയുന്ന ന്യായീകരണം
പിഎസ്എഫ് എന്ന സംഘടനയെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർ പ്രൊഫസർ അനിൽ സുതാറാണ് വിവാദ നിരോധന ഉത്തരവ് പ്രസിദ്ധീകരിച്ചത്. പാർട്ടിയുടെ പ്രവർത്തനങ്ങൾ സ്ഥാപനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും നാണക്കേടുണ്ടാക്കുന്നുവെന്നും ടിസ് വ്യക്തമാക്കി. വിദ്യാർഥികളുടെ പഠനത്തെ വഴിത്തിരിച്ചു വിട്ട് ക്യാമ്പസിന്റെ സമാധാന അന്തരീക്ഷം ഇവർ തകർക്കുകയാണെന്നാണ് ആരോപണം.പെട്ടെന്നുള്ള ഈ വിലക്കിനെ തുടർന്ന് സംഘടന എന്ത് പരിപാടി നടത്തിയാലും ഉടനടി നടപടിയെടുക്കുമെന്നും സ്ഥാപനം താക്കീത് നൽകി. പിഎസ്എഫിന് പിന്തുണ നൽകി പ്രവർത്തിക്കുന്ന വിദ്യാർഥി/അധ്യാപകർ എന്നിവരും നടപടി നേരിടുമെന്ന് നോട്ടീസിൽ പറയുന്നു.
പിഎസ്എഫിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ എന്തൊക്കെയാണ്?
ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഭരണധികാരികളുടെ കെടുകാര്യസ്ഥതയ്ക്കെതിരെ കഴിഞ്ഞ രണ്ട് വർഷമായി പിഎസ്എഫ് നിരവധി പ്രതിഷേധ പരിപാടികളാണ് ക്യാമ്പസിൽ സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ, ബിബിസി പുറത്തുവിട്ട ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന വിവാദ ഡോക്യുമെൻ്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിൽ സജീവമായി പങ്കെടുത്ത പ്രസ്ഥാനമായിരുന്നു പിഎസ്എഫ്. അത് പിന്നീട് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. 2023 മാർച്ചിൽ, ഭഗത്സിംഗ് അനുസ്മരണ പരിപാടിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഭരണകൂടം അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പിഎസ്എഫ് പ്രവർത്തകർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വസതിയിലേക്ക് പ്രകടനം നടത്തി.
ആ പ്രകടനത്തിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദർ അന്നത്തെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റ് ഐഷേ ഘോഷ് തുടങ്ങി നിരവധി പേർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അഡ്മിഷൻ പ്രക്രിയയിൽ കോമൺ അണ്ടർ ഗ്രാജുവേറ്റ് എൻട്രൻസ് പരീക്ഷക്ക് പകരം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്വന്തം പ്രവേശന പരീക്ഷയായിരിക്കണം തുടരേണ്ടത് എന്ന് പിഎസ്എഫ് വാദമുയർത്തിയിരുന്നു. ഇതിനായി അഡ്മിനിസ്ട്രേഷനെതിരെ പോരാടാൻ പിഎസ്എഫിനു മുന്നോട്ട് വരേണ്ടി വന്നു. അതു കൂടാതെ ഹോസ്റ്റലിലെ ശോചനീയവസ്ഥ, ഫീസ് അടയ്ക്കുന്നതിൽ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിൽ ഇടപെട്ട പിഎസ്എഫ് അഡ്മിനിസ്ട്രേഷന്റെ കണ്ണിലെ കരടായി മാറി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിയതി പുറത്തുവന്നതിനു പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു കൊണ്ടിരുന്ന പ്രതിഷേധങ്ങളുൾപ്പെടെ നിരോധിച്ചുകൊണ്ട് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഏപ്രിലിൽ സംയുക്ത പ്രസ്താവന ഇറക്കിയ ആറ് വിദ്യാർത്ഥി സംഘടനകളിൽ ഒന്നാണ് പിഎസ്എഫ്. അതേ മാസം തന്നെ, പിഎസ്എഫ് അനുഭാവിയായ ഒരു പിഎച്ച്ഡി വിദ്യാർത്ഥിയെ “പെരുമാറ്റ ദൂഷ്യവും”, “ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു” എന്നു കാണിച്ചും രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
“ക്യാമ്പസിൽ വിദ്യാർത്ഥികളുടെ അവകാശവാദത്തിൻ്റെ മരണം”എന്നാണ് സംയുക്ത വിദ്യർത്ഥി യൂണിയൻ പിഎസ്എഫ് നിരോധനത്തെ വിശേഷിപ്പിച്ചത്. ടിസിന്റെ ഇപ്പോഴത്തെ നടപടി ജനാധിപത്യ ദംശനമാണെന്ന് ചില വിദ്യാർഥികൾ വ്യക്തമാക്കുന്നുണ്ട്.