ഇന്ത്യ-പാക് വിഷയത്തിൽ മൂന്നാം കക്ഷി ഇടപെട്ട് പരിഹാരം വേണ്ട എന്ന രാജ്യത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വെടി നിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കൻ ഗവൺമെന്റ് നടത്തിയ അവകാശ വാദങ്ങൾ ഇന്ത്യയുടെ നയതന്ത്ര പരാജയത്തെയാണ് കാണിക്കുന്നത്. രാജ്യം ഒന്നടങ്കം ഓപ്പറേഷൻ സിന്ദൂറിന് പിന്തുണ പ്രഖ്യാപിക്കുകയും ഭീകരതയുടെ വേരറുക്കുന്നതിനായുള്ള ശ്രമത്തെ ശ്ളാഘിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അമേരിക്കൻ ഇട പെടൽ നിരവധിയായ സംശയങ്ങൾക്കിട വരുത്തുന്നുണ്ട്.
തന്നെയുമല്ല ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തലിന്റെ പിതൃത്വം അവകാശപ്പെട്ടതിനു പിന്നാലെ കശ്‌മീർ പ്രശ്‌നത്തിലും ഇടപെടാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. കശ്‌മീർ പ്രശ്‌നത്തിൽ ‘ആയിരം വർഷങ്ങൾക്ക് ശേഷം, ഒരു പരിഹാരത്തിലെത്തുന്നതിന് താൻ ഇന്ത്യയുമായും പാകിസ്ഥാനുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ പതിറ്റാണ്ടുകളായി പിന്തുടരുന്ന നയതന്ത്ര നിലപാടുകൾക്ക് വിരുദ്ധമാണിത്.
കശ്‌മീർ പ്രശ്‌നപരിഹാരത്തിന് മൂന്നാംകക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നയം. 1972ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട ഷിംല കരാറിലും ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള പ്രശ്‌നങ്ങൾ മൂന്നാംകക്ഷിയുടെ ഇടപെടലുകൾ ഇല്ലാതെ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത് കശ്‌മീരിൽ മധ്യസ്ഥതയ്‌ക്ക് തയ്യാറാണെന്ന് ട്രംപ് നേരത്തെയും പ്രഖ്യാപിച്ചിട്ടുണ്ട്.
2019ൽ പാക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻഖാനുമായി വൈറ്റ്‌ഹൗസിൽ നടത്തിയ ചർച്ചയിൽ ‘മോദി കശ്‌മീരിൽ മധ്യസ്ഥനാകാൻ പറ്റുമോയെന്ന്’ തന്നോട് ചോദിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു.
വിവാദമായതോടെ പ്രധാന മന്ത്രി അപ്രകാരമൊരാവശ്യം ഉന്നയിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു. വെടി നിർത്തലിന് അമേരിക്ക ഇട പെട്ടിട്ടുണ്ടെങ്കിൽ അങ്ങനെയൊരു നയം മാറ്റം പ്രധാന മന്ത്രി മോദി പാർലമെന്റിൽ അറിയിച്ചിട്ടില്ല. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്റ് യോഗം വിളിച്ചു കൂട്ടണമെന്ന രാഷ്ട്രീയ കക്ഷികളുടെ ആവശ്യത്തോടും കേന്ദ്രം മുഖം തിരിച്ചു നിൽക്കുകയാണ്.
അതിനിടെ രാജ്യത്തിന്റെ ആത്മാഭിമാനം പണയപ്പെടുത്തി അമേരിക്കക്ക് മുന്നിൽ വിധേയപ്പെടുന്നതിൽ രാജ്യത്താകമാനം പ്രതിഷേധം ശക്തവുമാണ്. പാകിസ്ഥാൻ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളിൽ മിക്കതും അമേരിക്ക നൽകിയ എ16 ആണെന്നതാണ് വസ്തുത.
അത് കൊണ്ട് തന്നെ അമേരിക്കൻ ആയുധങ്ങൾക്ക് ആയുധ വിപണിയിൽ ഉണ്ടാകാൻ ഇടയുള്ള പ്രഹരം മുന്നിൽ കണ്ട് കൊണ്ടുള്ള നീക്കമാണ് അവർ നിലവിൽ നടത്തുന്നത്.
എന്നാൽ ചേരി ചേര നയത്തിൽ അധിഷ്‌ഠിതമായ വിദേശ നയത്തെ കാറ്റിൽ പറത്തിയുള്ള അമേരിക്കൻ വിധേയത്വം പരസ്യമായി പ്രകടിപ്പിക്കുകയാണ് മോദി. 1974 ൽ ആദ്യ ആണവായുധ പരീക്ഷണം നടത്തിയതിനെ തുടർന്ന് അമേരിക്കൻ ചാര സംഘടനയുടെ (സി ഐ എ ) കടുത്ത നിരീക്ഷണത്തിലായിരുന്നു ഇന്ത്യയെന്നും 1998 ലെ പൊക്റാനിലെ രണ്ടാം ആണവായുധ പരീക്ഷണത്തിന് ‘ഉറ്റ ചങ്ങാതി’ നമുക്ക് നൽകിയ ഉപഹാരം ഉപരോധമായിരുന്നുവെന്നതും മറന്ന് കൊണ്ടാണ് അമേരിക്കൻ അജണ്ടക്ക് മുന്നിൽ പരസ്യമായി കീഴടങ്ങുന്നത് കേന്ദ്ര സർക്കാർ.
രാജ്യത്തിന്റെ പ്രഖ്യാപിത നയത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള നഗ്നമായ സാമ്രാജ്യത്വ വിധേയത്വം മുഖ മുദ്രയാക്കുന്ന നരേന്ദ്ര മോദി പാർലമെന്റ് സമ്മേളനം അടിയന്തരമായി വിളിച്ചു ചേർത്ത് രാജ്യത്തോട് മറുപടി പറഞ്ഞേ മതിയാകൂ.