ബിജെപിയുടെ ഹിന്ദുത്വ അജണ്ട മറ്റൊരു തരത്തിൽ അവതരിപ്പിച്ച് ഹൈന്ദവ വോട്ടുകളിൽ വിള്ളൽ സൃഷ്ടിക്കുന്ന കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും ശിഥിലമാക്കാൻ ബിജെപി നടത്തി വരുന്ന ആസൂത്രിത നീക്കങ്ങളുടെ തുടർച്ചയാണ് ഇന്നലത്തെ അറസ്റ്റ്. പാർട്ടി രൂപീകരണ സമയത്ത് അഴിമതിയെ ആയുധമാക്കി ആം ആദ്മി പാർട്ടി നടത്തിയ നീക്കങ്ങൾ കോൺഗ്രസിനെ ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു. അഴിമതിക്കെതിരായ എഎപി പോരാട്ടത്തിന്റെ ഗുണഭോക്താക്കൾ ഒരർത്ഥത്തിൽ ബിജെപിയുമായിരുന്നു. 2014 ലെ ബിജെപി വിജയത്തിന് പിന്നിൽ ആം ആദ്മി പാർട്ടിയുടെ കടുത്ത കോൺഗ്രസ് വിരുദ്ധ പ്രചാരണങ്ങളും ഒരു പരിധിവരെ കാരണമായിരുന്നു.
അടിസ്ഥാന വിഭാഗങ്ങളെയും ഇടത്തട്ടുകാരെയും ബാധിക്കുന്ന അഴിമതി നിർമ്മാർജനത്തിന്നാണ് കെജ്‌രിവാൾ തുടക്കത്തിൽ ഊന്നൽ നൽകിയത്.
എന്നാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കൽ വിവാദത്തിൽ കെജ്‌രിവാളിന്റെയും പാർട്ടിയുടെയും അഴിമതിയും ആം ആദ്മി ആശയങ്ങളും വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. അതോടൊപ്പം തീവ്ര ഹിന്ദുത്വ വിഷയത്തിൽ ബിജെപിയോട് മത്സരിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ അക്ഷരാർത്ഥത്തിൽ ബിജെപിയുടെ കണ്ണിലെ കരടാക്കുകയായിരുന്നു. അയോദ്ധ്യയിലേക്കടക്കം സൗജന്യ തീർത്ഥാടന യാത്ര പ്രഖ്യാപിച്ചു കൊണ്ടും രാമ ക്ഷേത്ര പൂജ നടന്ന ദിവസത്തിൽ ഡൽഹിയിൽ ക്ഷേത്ര മാതൃക നിർമിച്ച് പൂജ നടത്തിയും ജനങ്ങളിൽ വൈകാരിക ഉത്തേജനം നിറച്ചു കൊണ്ടുള്ള ബിജെപി രാഷ്ട്രീയ പ്രചാരണത്തെ ഏറ്റെടുക്കുകയായിരുന്നു ആം ആദ്മി.ഇത് തങ്ങളുടെ അപ്രമാദിത്വത്വത്തിനേൽക്കുന്ന കനത്ത തിരിച്ചടിയായിട്ടാണ് ബിജെപി വിലയിരുത്തിയിരുന്നത്.
അതോടൊപ്പം ഇ ഡി യെ ഉപയോഗിച്ച് കൊണ്ട് രാഷ്ട്രീയ എതിരാളികളെ നിരന്തരം വേട്ടയാടാനുള്ള കേന്ദ്ര സർക്കാർ ഹിഡൻ അജണ്ടയുടെ പ്രത്യക്ഷ ഉദാഹരണമായി കെജ്‌രിവാളിന്റെ അറസ്റ്റിനെ പ്രതിപക്ഷ കക്ഷികൾ വിലയിരുത്തുന്നു. മദ്യ നയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒൻപത് തവണ ഇ ഡി നൽകിയ സമൻസ് കെജ്‌രിവാൾ അവഗണിക്കുകയായിരുന്നു. സമൻസുകൾ തീർത്തും നിയമ വിരുദ്ധമാണെന്നായിരുന്നു കെജ്‌രിവാളിന്റെ ഭാഷ്യം.
സ്വകാര്യ കമ്പനികൾക്ക് നേട്ടമാകുന്ന വിധത്തിൽ 2021-22 ൽ ഡൽഹി സർക്കാർ ആവിഷ്കരിച്ച മദ്യ നയത്തിലൂടെ 100 കോടി രൂപ കോഴ ലഭിച്ചെന്ന അന്വേഷണത്തിൽ രണ്ട് വർഷമായിട്ടും ആരോപണം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നിരിക്കെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇന്ത്യ സഖ്യത്തെ അസ്ഥിരപ്പെടുത്താനുള്ള കൃത്യവും ആസൂത്രിതവുമായ സംഘ പരിവാർ നീക്കം തന്നെയാണ് കെജ്‌രിവാളിന്റെ അറസ്റ്റിലൂടെ പുറത്തു വരുന്നത്.
ഡൽഹിയിലും പഞ്ചാബിലും കെജ്‌രിവാളിന്റെ അഭാവം ഇന്ത്യ മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഡൽഹിയിൽ കോൺഗ്രസ്സും എഎപിയും കൈ കോർത്തതിലുള്ള ആശങ്ക ബിജെപിയെ നന്നായി ബാധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എതിർ ശബ്ദങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര നയത്തിന്നെതിരെ പ്രതിഷേധം രാജ്യത്താകമാനം അലയടിക്കുന്നുണ്ട്.