സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലെ പ്രസംഗത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരില്‍ നടന്‍ അലൻസിയർ ലോപസിനെതിരെ വ്യാപക പ്രതിഷേധം. പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുന്നതിനിടെ ആയിരുന്നു അലന്‍സിയര്‍ പുരസ്കാരമായി നല്‍കുന്ന പ്രതിമയെ പരാമര്‍ശിച്ചുകൊണ്ട് സംസാരിച്ചത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരുന്നിടത്ത് പെണ്‍കരുത്തുള്ള പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നായിരുന്നു അലൻസിയർ പറഞ്ഞത്. ആണ്‍കരുത്തുള്ള പ്രതിമ പുരസ്‌കാരമായി എന്നു നല്‍കുന്നുവോ അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ കൂട്ടിച്ചേർത്തു.
സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം 25,000 രൂപ തന്ന് അപമാനിക്കരുതെന്നും പുരസ്‌കാര തുക വര്‍ധിപ്പിക്കണമെന്നും നടന്‍ വേദിയില്‍ ആവശ്യപ്പെട്ടു. ”സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടനുള്ള അവാര്‍ഡ് എല്ലാര്‍ക്കും കിട്ടും. എന്നാല്‍ സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25,000 രൂപ തന്ന് ഞങ്ങളെ അപമാനിക്കരുത്. പൈസ കൂട്ടണം” -അലന്‍സിയര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷിനോടുമായിട്ടായിരുന്നു അലന്‍സിയറിന്റെ അഭ്യര്‍ത്ഥന.
ഇതിനു പിന്നാലെ തന്നെ വിഷയം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴി തുറക്കുകയും പ്രമുഖരുള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തുകയുമായിരുന്നു. സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഹരീഷ് പേരടി, ശ്രുതി ശരണ്യം, ശീതൾ ശ്യാം, ഭാഗ്യ ലക്ഷ്മി തുടങ്ങി നിരവധി ആളുകളാണ് സാമൂഹിക മാധ്യമത്തിലൂടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.