Friday, November 22, 2024
spot_imgspot_img
HomeIndiaസാമ്പത്തിക നയങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കും: സിപിഐ

സാമ്പത്തിക നയങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കും: സിപിഐ

വിജയവാഡ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ് സമരം ശക്തമാക്കാൻ സിപിഐ 24-ാമത് പാർട്ടി കോൺഗ്രസിൽ പ്രമേയം പാസാക്കി. പാവപ്പെട്ടവന്റെയും സാധാരണക്കാരുടെയും ചെലവിൽ കോർപ്പറേറ്റുകൾക്കും അതിസമ്പന്നർക്കും വേണ്ടി ബിജെപി സർക്കാർ പടുത്തുയർത്തിയിരിക്കുന്ന വിനാശകരമായ നയങ്ങൾ തിരുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വന്നതിന് ശേഷം പരിഷ്‌കരണ അജണ്ട നടപ്പാക്കുന്നതിന്റെ വേഗത വർധിച്ചതായും ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും പ്രഭാവം ജനങ്ങൾക്കിടയിൽ ഗുരുതരമായ അസ്വാരസ്യങ്ങൾക്ക് കാരണമായെന്നും പാർട്ടി കോൺ​ഗ്രസ് വ്യക്തമാക്കി.

തൽഫലമായി, ഇത് കുറച്ച് പേരുടെ കൈകളിൽ സമ്പത്ത് കേന്ദ്രീകരിക്കുന്നതിലേക്ക് നയിച്ചു. കോർപ്പറേറ്റുകൾക്കുള്ള സബ്‌സിഡികൾ വർധിപ്പിച്ചു. എന്നാൽ രാജ്യത്തെ സാധാരണ ജനങ്ങൾ വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവുംമൂലം പൊറുതിമുട്ടുകയാണ്. ഇത് പട്ടിണി മരണങ്ങൾ ഉയരുന്നതിനു കാരണമായെന്നും പ്രമേയത്തിൽ വിശദീകരിച്ചിട്ടുണ്ട്. രാജ്യത്തെ തകർച്ചയിലേക്കെത്തിക്കുന്ന സാമ്പത്തിക നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കാൻ സിപിഐ 24-ാം പാർട്ടി കോൺഗ്രസിൽ തീരുമാനം. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ രാജ്യത്തെ സാധാരണ ജനങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും കോർപറേറ്റുകൾക്ക് അനുകൂലമാണെന്നും പാർട്ടി കോൺഗ്രസ് പ്രമേയത്തിൽ പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളിൽ സാധാരണക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബിജെപിയുടെ നയങ്ങൾക്കെതിരെ സമരം ശക്തമാക്കാന് സിപിഐ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രമേയത്തിൽ വിശദീകരിച്ചിട്ടുണ്ട്. 1991ൽ രാജ്യത്ത് ആരംഭിച്ച ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ, ആഗോളവൽക്കരണ നയങ്ങൾ മോദിയുടെ വരവിനുശേഷമുള്ള ഈ എട്ടുവർഷവും തീവ്രമായി നടപ്പാക്കി.

ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ നടപ്പിലാക്കിയതിന്റെ പ്രത്യാഘാതമായി അസാധാരണമായ അസമത്വവും സാമ്പത്തിക കേന്ദ്രീകരണവും ആണ് ഉണ്ടായത്. സാമ്പത്തിക അസമത്വം വർധിച്ചുവരികയാണ്. നോട്ട് നിരോധനവും ജിഎസ്ടിയും കോവിഡ് ദുരന്തവും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആസൂത്രിതമല്ലാത്ത ലോക്ക്ഡൗൺ കാരണം കുടിയേറ്റ തൊഴിലാളികളും ജനങ്ങളും വളരെയധികം കഷ്ടപ്പെട്ടു. പൊതുജനാരോഗ്യ സംവിധാനം ഛിന്നഭിന്നമാണ്. 47 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയപ്പോൾ കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പത്തിരട്ടി കുറച്ചാണ് രേഖപ്പെടുത്തിയത്. എന്നിട്ടും ആരോഗ്യരംഗത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രമേയം കുറ്റപ്പെടുത്തി. 121 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 107 ആയി പിന്തള്ളപ്പെട്ടു. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയ്ക്ക് പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. അതേസമയം ഇന്ത്യയിലെ കോർപറേറ്റുകളുടെ സമ്പത്താകട്ടെ ഓരോ ദിവസവും കൂടി വരുന്നതായാണ് കണക്ക്. കോർപറേറ്റ് നികുതി 33ൽ നിന്ന് 22 ശതമാനമായി വെട്ടിക്കുറച്ചപ്പോൾ പുതിയ നിർമ്മാണ കമ്പനികളുടെ നികുതി 25ൽ നിന്ന് പതിനഞ്ചായും കുറച്ചു. വൻകിട കോർപറേറ്റുകളും അതിസമ്പന്നരായ വ്യക്തികളും സ്ഥാപനങ്ങളും വരുത്തിവച്ച ഭീമൻ വായ്പാകുടിശികകൾ പോലും എഴുതിത്തള്ളുന്ന സമീപനമാണ് പൊതുമേഖലാ ബാങ്കുകൾ സ്വീകരിക്കുന്നത്.

പൊതുമേഖല നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്, ബാങ്കുകൾ, എൽഐസി, പ്രതിരോധ ഫാക്ടറികൾ, എല്ലാം മോദി സർക്കാർ സ്വകാര്യ കമ്പനികളുടെ കാൽചുവട്ടിൽ കൊണ്ടെത്തിച്ചു. തൊഴിൽ നിയമങ്ങളും തൊഴിൽ നിയമങ്ങളും റദ്ദാക്കിയത് തൊഴിലാളികളുടെ അവകാശങ്ങളെ ഹനിച്ചു. രൂപയുടെ മൂല്യം ദിനംപ്രതി ഇടിയുകയാണ്. വിലക്കയറ്റവും മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലയും വർധിക്കുന്നു. പൊതുമേഖലയെ പ്രോത്സാഹിപ്പിക്കണമെന്ന് മഹാസഭ ആവശ്യപ്പെടുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും നമ്മുടെ രാജ്യത്തെയും രക്ഷിക്കാൻ, യോജിച്ച പോരാട്ടത്തിലൂടെ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു.

ജനവിരുദ്ധ നയങ്ങൾക്കെതിരെ കൂടുതൽ രൂക്ഷവും വിപുലവുമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി കോൺഗ്രസ് രൂപം നൽകുമെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, അതുൽ കുമാർ അഞ്ജാൻ, അമർജീത് കൗർ, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ എന്നിവർ പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്ന പ്രമേയവും പാർട്ടി കോൺഗ്രസ് പാസാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares