തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കാറ്റിൽ പറത്തുകയും അക്കാദമിക യോഗ്യത അടിസ്ഥാനമാക്കാതെ ആരേയും വൈസ് ചാൻസലറാക്കാൻ അവസരം നൽകുകയും ചെയ്യുന്ന യുജിസിയുടെ പുതിയ കരട് ചട്ടത്തിനെതിരെ കേരള നിയമസഭ ഏകണ്ഠമായി പ്രമേയം പാസാക്കി. സംസ്ഥാന സർക്കാരുകളെ പൂർണ്ണമായും മാറ്റിനിർത്തുന്ന കേന്ദ്ര സർക്കാരിൻറെയും യുജിസിയുടെയും സമീപനം ജനാധിപത്യവിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
‘ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവൽക്കരിക്കാനുള്ള നീക്കമാണ്. ഇത് തീർത്തും പ്രതിഷേധാർഹമാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ജനാധിപത്യമൂല്യങ്ങൾ തകർക്കാനും പ്രസ്തുത മേഖലയിൽ മത-വർഗീയ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുടെ പിടിയിലൊതുക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ 2025 ലെ കരട് യുജിസി മാനദണ്ഡങ്ങളെ കാണുവാൻ കഴിയൂ.
സംസ്ഥാന സർക്കാരുകളുടെയും അക്കാദമിക് വിദഗ്ദ്മാരുടെ അഭിപ്രായങ്ങളും ആശങ്കകളും പരിഗണിച്ച് 2025 ലെ കരട് യുജിസി മാനദണ്ഡങ്ങൾ ഉടൻ പിൻവലിച്ച് ബന്ധപ്പെട്ടവരുമായെല്ലാം വിശദമായ ചർച്ചകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ ഗൗരവമായി കണക്കിലെടുത്തുകൊണ്ട് മാത്രം പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണം’- മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.