പുനലൂർ: പുനലൂർ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ വനിത ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ പ്രഭ തെരഞ്ഞെടുത്തു. ഈ സമ്മേളന കാലയളവിലെ ആദ്യ വനിത ലോക്കൽ കമ്മറ്റി സെക്രട്ടറി എന്ന പ്രത്യേകതയും പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പ്രഭ സ്വന്തമാക്കി.
ആർ ഭാസ്കരൻ പിള്ള നഗറിൽ നടന്ന സി പി ഐ പുനലൂർ സൗത്ത് ലോക്കൽ സമ്മേളനത്തിലാണ് പ്രഭയെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്ത്. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.കെ രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു.കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ബഹുജന അടിത്തറ വർദ്ധിപ്പിക്കുവാനും,ഫാസിസത്തിനെതിരെ പുത്തൻ പോരാട്ട മാർഗങ്ങൾ പാർട്ടി കോൺഗ്രസ് ഗൗരവമായി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി കൺവീനർ എസ് ബിജു സ്വാഗതം ആശംസിച്ചു. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം എം സംലീം മണ്ഡലം സെക്രട്ടറി സി അജയപ്രസാദ്, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ രാധാകൃഷ്ണൻ, ജോബോയ് പെരേര, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ കെ രാജശേഖരൻ, വിപി ഉണ്ണികൃഷ്ണൻ, ജെ ഡേവിഡ് എന്നിവർ സംസാരിച്ചു.
കമ്മ്യൂണിസ്റ്റ് കുടുംബത്തിൽപ്പെട്ട സഖാവ് വിദ്യാർത്ഥി സംഘടനയായ എഐസ്എഫ് ലൂടെയാണ് സംഘടന രംഗത്തേക്ക് കടന്നുവരുന്നത്. സജീവ രാഷ്ട്രീയപ്രവർത്തകനും ലോഡിംഗ് തൊഴിലാളി യൂണിയൻ എഐടിയുസി നേതാവുമായ ടി മണിക്കുട്ടനാണ്ജീവത പങ്കാളി
ജനങ്ങളുടെ എല്ലാവിധ ആവശ്യങ്ങൾക്കും ഒപ്പം നിന്ന പ്രഭയെ പുനലൂർ നഗരസഭയിലെ അഷ്ടമംഗലം വാർഡിലെ ജനങ്ങൾ രണ്ട് തവണ പുനലൂർ നഗരസഭ കൗൺസിലർ ആയി തിരഞ്ഞെടുത്തു. അതിൽ ഒരു തവണ വൈസ് ചെയർമാൻ പദവി വഹിച്ചു. അക്കാലങ്ങളിൽ എല്ലാം തന്നെ മികച്ച ജനപ്രതിനിധിയായി ജനങ്ങളോടൊപ്പം അവരിലൊരാളായി പ്രവർത്തനം കഴ്ചവെയക്കാൻ പ്രഭയ്ക്കായി.
തന്നിലേൽപ്പിച്ച പുതിയ ഉത്തരവാദിത്തിനായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ദൈനംദിനം ഇടപെട്ടു സിപിഐയെ മേഖലയിൽ സജീവമാക്കുകയാണ് ലക്ഷ്യമെന്ന് പ്രഭ വ്യക്തമാക്കി. മണ്ഡലത്തിൽ വനിതാ പ്രാതിനിത്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 18 ബ്രാഞ്ച് സെക്രട്ടറിമാരും 21 ബ്രാഞ്ച് അസി.സെക്രട്ടറിമാരും വനിതകളാണ്.