സാംജു സന്തോഷ്
(ലേഖകൻ ആലപ്പുഴ കേന്ദ്രീകരിച്ച് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സി.കെ ചന്ദ്രപ്പൻ ബ്ലഡ് ഡോനെഷൻ ഫോറം കോർഡിനേറ്ററും സന്നദ്ധ രക്തദാന പ്രവർത്തകനുമാണ്)
രക്തദാനനത്തിന്റെ പ്രസക്തി എന്തെന്നാൽ രക്തം കൃതൃമമായി സൃഷ്ടിക്കാൻ കഴിയാത്തതും അവ ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതവുമാണ് എന്നതുതന്നെയാണ്. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ ഏകദേശം 5 ലിറ്റർ രക്തമുണ്ടാകും. അത് ഒരു വ്യക്തിയുടെ ഭാരം ഉയരം മുതലായവയെക്കൂടി ആശ്രയിച്ചിരിക്കും. സ്ത്രീകളിലും പുരുഷന്മാരിലും ശരീരഭാരത്തിന്റെ ഏഴു മുതൽ എട്ട് ശതമാനം ഭാരം രക്തത്തിന്റെ ഭാരമാണ്.നമ്മുടെ ശരീരത്തിൽ ആവശ്യമായതിലും അധികം നമ്മുടെ ശരീരത്തിൽ കരുതലുണ്ടാവുമെങ്കിലും അതിന്റെ നാലിലൊരുഭാഗം നഷ്ടപ്പെടുകയും യഥാസമയം പുനഃക്രമീകരിക്കുവാൻ കഴിയാതെയും വന്നാൽ മരണം സുശ്ചിതമാണ്.
അപകടങ്ങൾ, ശസ്ത്രക്രിയ, പ്രസവസംബന്ധമായ രക്തസ്രാവം തുടങ്ങി രക്തഘടകങ്ങളുടെ പലകാരണങ്ങളാലുണ്ടാകുന്ന കുറവുകൾ വരെയുള്ള നിരവധി അടിയന്തിര സാഹചര്യങ്ങളിലും തുടരെ രക്തസന്നിവേശം ആവശ്യമായ ഹീമോഫീലിയ,താലസീമിയ അസുഖബാധിതർക്കും ഡയാലിസിസിനു വിധേയരാകുന്നവർക്കുമാണ് പ്രധാനമായും രക്തസന്നിവേശം ആവശ്യമായി വരുന്നത്.
രക്തദാനം
ആരോഗ്യവാനായ അൻപത് കിലോയെങ്കിലും ഭാരമുള്ള പ്രായപൂർത്തിയായ 60 വയസ്സ് പൂർത്തിയാകാത്ത, പുരുഷന് മൂന്നു മാസത്തിൽ ഒരിക്കലും സ്ത്രീകൾക്ക് നാലുമാസത്തിൽ ഒരിക്കലും സ്വന്തം രക്തം ദാനം ചെയ്യാം. രക്തഘടകങ്ങളായ പ്ലാസ്മയോ പ്ളേറ്റ്ലറ്റോ മാത്രമായും ദാനം ചെയ്യാവുന്നതാണ്. 350 മില്ലി രക്തമാണ് ഒരുസമയം ഇത്തരത്തിൽ ശേഖരിക്കുന്നത്.
രക്തദാനം നടത്തിയാലും ഇല്ലെങ്കിലും ശരീരത്തിലെ പഴയകോശങ്ങൾ കൃത്യമായ ഇടവേളകളിൽ നശിപ്പിക്കപ്പെടുകയും പുതിയവ ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കും. അതേസമയം പുതിയ കോശങ്ങളുടെ ഉൽപ്പാദനത്തിന് രക്തദാനം ഉത്തേജിപ്പിക്കുന്നു. രക്തം നൽകി ഇരുപത്തിനാലുമുതൽ മുപ്പത്തിയാറ് മണിക്കൂറുകൾക്കകം രക്തത്തിന്റെ അളവ് പൂർവസ്ഥിതിയിലെത്തും. ഹീമോഗ്ലോബിന്റെ അളവാകട്ടെ രക്തം നൽകി 3 മുതൽ 4 വരെ ആഴ്ചകൾക്കകം ക്രമീകരിക്കപ്പെടും. മാത്രമല്ല ഒരു ദാതാവിനെ സംബന്ധിച്ചടുത്തോളം തന്റെ രക്തം പലവിധ പരിശോധനകൾക്ക് കൃത്യമായ ഇടവേളകളിൽ വിധേയമാകും എന്നതുകൂടിയാണ്.
രക്തദാന രീതികൾ
രക്തം ദാനം ചെയ്യുന്നതിന് പൊതുവിൽ മൂന്ന് രീതികൾ അവലംബിക്കാറുണ്ട്
- സന്നദ്ധ രക്തദാനം
‘മറ്റൊരാളുടെ പ്രേരണയില്ലാതെ കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്ന രീതിയാണിത്, സർക്കാർ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിലോ ഗവ അംഗീകൃത ബ്ലഡ് ബാങ്കുകളിലോ ഇത്തരത്തിൽ രക്തം ദാനം ചെയ്യാം. - പുനഃസ്ഥാപന രക്തദാനം (Replacement Blood Donation)
അത്യാവശ്യ ഘട്ടങ്ങളിൽ ഒരു പ്രത്യേക രോഗിക്കായി രക്തദാനം ചെയ്യുന്നതിനെയാണ് ഇപ്രകാരം അറിയപ്പെടുന്നത്. ബ്ലഡ് ബാങ്കുകളിൽ നിന്നും രോഗിക്ക് ആവശ്യമായ രക്തം നൽകുകയും പകരം അതേ ഗ്രൂപ്പ് തന്നെയോ മറ്റൊരു ഗ്രൂപ്പോ രക്തം ഇവ്വിധം ദാനം ചെയ്യുവാൻ കഴിയും
- ഓട്ടോലോഗസ് രക്തദാനം
പലവിധ സങ്കീർണതകൾ മൂലം പൊതുവിൽ പ്രോത്സാഹിപ്പിക്കപ്പെടാത്തതും എന്നാൽ ഏറ്റവും സുരക്ഷിതവുമായ രക്തദാനരീതിയാണ് ഓട്ടോലോഗസ് രക്തദാനം. നമുക്ക് നമ്മുടെ തന്നെ രക്തം മുൻകൂട്ടി ബ്ലഡ് ബാങ്കിൽ ശേഖരിച്ചു വയ്ക്കുന്ന രീതിയാണ് ഇത്. മുൻകൂട്ടി ക്രമപ്പെടുത്തിയ ചികിത്സകൾക്ക് ഇത് മെച്ചപ്പെട്ട രീതിയാണ്.
എന്തുകൊണ്ട് സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടണം.
ജെയിംസ് ബ്ലൻഡൽ എന്ന ബ്രിട്ടീഷ് ഭിഷഗ്വരനാണ് 1818-ൽ വിജയകരമായി രക്തം കൈമാറ്റം ചെയ്തത്. പിന്നീട് കാൾ ലാൻഡ്സ്റ്റനർ എന്ന ഓസ്ട്രിയൻ ശാസ്ത്രജ്ഞനാണ് 1900-ൽ രക്തദാന മേഖലയുടെ തന്നെ നിർണായക നാഴികക്കല്ലായ രക്തഗ്രൂപ്പുകളെ കണ്ടെത്ത്തിയത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് എല്ലാ ജൂൺ 14 ഉം ലോക രക്തദാനദിനമായി ആചരിക്കുന്നത്. തുടർന്ന് 1937-ൽ അമേരിക്കൻ ശാസ്ത്രജ്ഞനായ അലക്‌സാണ്ടർ എസ് വീനർ, റീസസ് Rh വർഗീകരണവും സാദ്ധ്യമാക്കിയത്തോടെ കാര്യക്ഷമതയോടെയും അപകടരഹിതമായും രക്തസന്നിവേശം സാദ്ധ്യമായി. രണ്ടാം ലോക മഹായുദ്ധകാലത്ത് 1942-ലാണ് ഇന്ത്യയിൽ ആദ്യമായി കൊൽക്കത്തയിൽ രക്തസന്നിവേശം ചെയ്തത്. ഇന്ന് രക്ത ദാനവും രക്തസന്നിവേശവും സാധാരണമായ ഒരു ചികിത്സാ രീതിയാണ്. ആയതിനാൽ തന്നെ രക്ത ദാനവും അത്യന്താപേഷിതമായ ഒന്നാണ്.
കഴിഞ്ഞ ജൂൺ 14 ന് ഇക്കണോമിക്സ് ടൈംസ് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ 15 ദശലക്ഷം യൂണിറ്റ് രക്തമാണ് പ്രതിവർഷം ആവശ്യമായി വരുന്നത് എന്നാൽ ലഭിക്കുന്നത് പരമാവധി 11ദശലക്ഷം യൂണിറ്റ് മാത്രമാണ്. അതായത് പ്രതിവർഷം 4 ദശലക്ഷം യൂണിറ്റിന്റെ കുറവ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന കണക്ക് പ്രതിദിനം 12000 മനുഷ്യജീവനുകൾ ഗുണനിലവാരമുള്ള രക്തം ലഭിക്കാത്തതുമൂലം മരണപ്പെടുന്നു എന്നതാണ്. അതോടൊപ്പം കൂട്ടിച്ചേർക്കേണ്ട മറ്റൊരു വസ്തുത ഇന്ത്യയിലെ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ് ആണ്.
ഇന്ത്യപോലെ ജനസംഖ്യയുടെ കാര്യത്തിൽ വിശിഷ്യാ യുവജനങ്ങളുടെ അംഗബലത്തിൽ കരുത്തുറ്റ രാജ്യത്തിന് ആവശ്യമായതിന്റെ 27 ശതമാനം മാത്രമേ സന്നദ്ധ രക്തദാനത്തിലൂടെ കണ്ടെത്താൻ കഴിയുന്നുള്ളു എന്നത് ഗൗരവകരമായ ഒരു വിഷയമാണ്. എഐവൈഎഫ് നേതൃത്വത്തിൽ ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പോലെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം സന്നദ്ധ രക്തദാന പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നത് ഇക്കാരണത്താലാണ്. എന്നാൽ ഹൈസ്കൂൾ വിദ്യാഭ്യാസ – കൗമാര പ്രായം മുതൽ നടപ്പിൽ വരുത്തേണ്ട അവബോധവും പ്രോത്സാഹനവുമാണ് ഇതിനുള്ള ദീർഘകാല പരിഹാരം.