വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയെ പിന്തുണച്ച് ഗുസ്തി താരം സാക്ഷി മാലിക്. ആനി രാജ തനിക്ക് വളരെ സുപരിചിതയാണെന്നും ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധ സമരങ്ങളിൽ വനിതാ ഗുസ്തി താരങ്ങൾക്കൊപ്പം ആനി രാജയുണ്ടായിരുന്നുവെന്നും സാക്ഷി പറഞ്ഞു. ഒരു വീഡിയോയിലൂടെയാണ് ആനി രാജയെ പിന്തുണച്ച് സാക്ഷി രംഗത്ത് വന്നത്.
‘നമസ്‌കാരം. ഞാൻ സാക്ഷി മാലിക്. എനിക്ക് വളരെ അടുത്ത പരിചയമുള്ള വ്യക്തിയാണ് ആനി രാജ. കഴിഞ്ഞ ഏപ്രിലിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ നടത്തിയ ലൈംഗികാരോപണത്തിരെ സമരം നടത്തിയപ്പോൾ ആനി രാജ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധ സമരത്തിൽ അവർ ഒരുപാട് ഞങ്ങളെ സഹായിച്ചു. ഡൽഹി പൊലീസ് ഞങ്ങൾക്കെതിരെ അതിക്രമം അഴിച്ചുവിട്ടപ്പോൾ ആനി രാജ ഞങ്ങൾക്കൊപ്പം നിൽക്കുകയും ഞങ്ങൾക്കൊപ്പം അറസ്റ്റ് വരിക്കുകയും ചെയ്തു. ഇപ്പോഴും ഗുസ്തി ഫെഡറേഷനിലെ ലൈംഗിക അതിക്രമത്തിനെതിരെ ആനി രാജ ഞങ്ങളോടൊപ്പം പോരാട്ടം തുടരുകയാണ്’, സാക്ഷി പറഞ്ഞു.
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്ങിനെതിരേ ലൈംഗികാതിക്രമം ആരോപിച്ച് നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിൽ സാക്ഷി മാലിക് ഗുസ്തിമത്സരങ്ങളിൽ നിന്ന് പിന്മാറിയിരുന്നു. ബ്രിജ്‌ഭൂഷണെതിരേ നടപടിയില്ലാത്തിനെത്തുടർന്ന് കഴിഞ്ഞവർഷം ഡിസംബറിലാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും സാക്ഷിമാലികും സഹതാരങ്ങളും ആവശ്യപ്പെട്ടിരുന്നു.