ന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി ഗുസ്തി താരങ്ങളുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. പരിശീലന ക്യാമ്പിൽ പെൺകുട്ടികളെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗിക ചൂഷണത്തിന് ഇരകളായിയെന്നാരോപിച്ച് ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.
ഇന്നലെ രാത്രി 10 മണിക്ക് ആരംഭിച്ച ചർച്ച തുടർന്നത് നാലര മണിക്കൂർ. ഇന്ന് പുലർച്ചെ 2 മണിവരെ ന്യൂ ഡൽഹിയിലെ അനുരാഗ് ഠാക്കൂറിന്റെ വസതിയിൽ തുടർന്ന ചർച്ചക്ക് ശേഷം പുറത്തേക്ക് വന്ന താരങ്ങൾ മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, ബബിത ഫോഗട്ട്, രവി ദഹിയ എന്നിവരാണ് മന്ത്രിയെ കണ്ടത്. സർക്കാർക്കാർ തലത്തിൽ നടപടിയുണ്ടായില്ലെങ്കിൽ താരങ്ങൾ പൊലീസിനെ സമീപിച്ചേക്കുമെന്നാണ് സൂചന. ബ്രിജ് ഭൂഷണും പരിശീലകരും പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും. താരങ്ങളുടെ സ്വകാര്യ ജീവിത്തതിൽ പോലും ഫെഡറേഷൻ ഇടപെടുകയാണെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു. ഇതിനു പിന്നാലെ, സ്വയം സ്ഥാനമൊഴിയാനായി ബ്രിജ് സിങിന് 24 മണിക്കൂർ സമയം നൽകിയിട്ടുണ്ടെന്നും ഇല്ലെങ്കിൽ പുറത്താക്കപ്പെടുമെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.