ഉക്രൈൻ സന്ദർശിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരിക്കുന്നു. മഹാത്മാഗാന്ധിയുടെ സമാധാന സന്ദേശത്തിന്റെ കാലാതീതമായ പ്രസക്തി അടിവരയിട്ടു പ്രസ്ഥാവിച്ച മോദി. ഗാന്ധിജി കാണിച്ചു തന്ന പാത ഇന്നത്തെ ആഗോള വെല്ലുവിളികൾക്ക് പരിഹാരമേകുന്നവയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ദേശീയതയിൽ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആദ്യത്തെ ആക്രമണ പദ്ധതിയായിരുന്ന ഗാന്ധിവധം നടത്തിയ മനുഷ്യത്വ വിരുദ്ധ പ്രത്യയ ശാസ്ത്രത്തിന്റെ പ്രചാരകനായ മോദി ഗാന്ധിയെ കുറിച്ച് സിനിമ വന്നതിനു ശേഷമാണ് അദ്ദേഹത്തെ ലോകം അറിഞ്ഞത് എന്ന് മുൻപ് നടത്തിയ പരാമർശം ഈയവസരത്തിൽ ഓർത്തു പോവുകയാണ്.
ചരിത്രം പരിശോധിക്കുമ്പോൾ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും കമ്മ്യൂണിസ്റ്റുകാർക്കുമെതിരായ വിദ്വേഷ പ്രചാരണങ്ങൾ തന്നെയാണ് ഗാന്ധിക്കെതിരെയും സംഘപരിവാർ എക്കാലവും നടത്തിയിരുന്നത് എന്ന് കാണാൻ കഴിയും. ഗാന്ധിവധത്തിൽ തങ്ങൾക്ക് സംഘടന തലത്തിൽ യാതൊരു പങ്കുമില്ലെന്നും ഗോഡ്‌സെ ആർഎസ്എസ് അംഗമല്ലെന്നും നിരന്തരമായി പ്രഖ്യാപിച്ചിരുന്ന ആർഎസ്എസിന്റേത് വിഷയത്തിൽ തങ്ങളുടെ അപരാധപൂർണമായ പങ്കിനെ മറച്ചുപിടിക്കാനുള്ള കൗശലം തന്നെയായിരുന്നു. എന്നാൽ 1991 ജൂൺ 5-ന് പൂനെയിലെ ഒരു പത്രസമ്മേളനത്തിൽ നാഥുറാം വിനായക് ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽഗോഡ്‌സെ പ്രസ്ഥാവിച്ചത് തന്റെ സഹോദരൻ തികഞ്ഞ ആർഎസ്എസ് ഭക്തനാണെന്നാണ്.
1993 നവംബർ 23-ന്റെ ഫ്രണ്ട്‌ലൈൻ ലക്കത്തിൽ ഗോപാൽഗോഡ്‌സെയുമായുള്ള അഭിമുഖത്തിലും നാഥുറാം വിനായക് ഗോഡ്‌സെയുടെ ആർഎസ്എസ് ബന്ധം സഹോദരൻ മറയില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജി കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് പല തവണ ആവർത്തിച്ചിട്ടുള്ള ഗോപാൽ ഗോഡ്‌സെ ഹിന്ദു രാഷ്ട്രത്തെ അനുസ്യൂതം അപമാനിച്ച ഒരാളെ രാഷ്ട്രത്തിനുവേണ്ടി ഉന്മൂലനം ചെയ്തയാളാണ് തന്റെ സഹോദരനെന്ന് അഭിമാനപൂർവ്വം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഗാന്ധിജിയോടും ഗാന്ധിയുടെ മത നിരപേക്ഷ കാഴ്ചപ്പാടുകളോടും എന്നും നിഷേധാത്മക സമീപനം സ്വീകരിച്ച ആർഎസ്എസിന്റെ പ്രചാരകനായ മോദിയുടെ പതിവ് രാഷ്ട്രീയ കാപട്യമായി മാത്രമേ കഴിഞ്ഞ ദിവസത്തെ ഗാന്ധി സ്തുതിയെ വിലയിരുത്താൻ കഴിയൂ. രാജ്യത്തെ രൂപപ്പെടുത്തിയ സ്വാതന്ത്ര്യ സമരങ്ങളോട് പോലും ബന്ധപ്പെട്ടിട്ടില്ലാത്ത രാഷ്ട്ര വഞ്ചനയുടേതായ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്ന ഭരണാധികാരിക്ക് ഗാന്ധിയെ എങ്ങനെ മഹത്വപ്പെടുത്താൻ കഴിയും?
ഹൈന്ദവരും മുസ്ലിംകളും ഏക രാജ്യമാണെന്നും ബഹു മത ഐക്യത്തിലൂടെ മാത്രമേ സ്വരാജ്യം സാധ്യമാകൂവെന്നും ഗാന്ധിജി പ്രഖ്യാപിച്ചപ്പോൾ ഹിന്ദുക്കളും മുസ്ലീങ്ങളും ഏക രാജ്യമാണെന്ന് പറയുന്നവർ ഹിന്ദുക്കളുടെ ശത്രുവാണെന്ന് ജൽപ്പിച്ചയാളാണ് മോദിയുടെ സ്വന്തം ഹെഡ്‌ഗേവാർ. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ദേശീയ മതം പിൻപറ്റണമെന്നും ജോൺ, തോമസ്, അലി, എബ്രഹാം, ഹസ്സൻ തുടങ്ങിയ പേരുകളുപേക്ഷിച്ച് രാമൻ, കൃഷ്ണൻ, അശോക്, പ്രതാപ് തുടങ്ങിയ പേരുകൾ സ്വീകരിക്കണമെന്നും 1960 ൽ ‘പാഞ്ചജന്യ’ത്തിൽ ലേഖനമെഴുതിയത് മോദി മാതൃകയാക്കുന്ന ഗോൾവാൾക്കറുമാണ്. ഭരണത്തിലേറിയ നാൾ മുതൽ തീവ്ര ഹിന്ദുത്വ അജണ്ട ലക്ഷ്യം വെച്ച് ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും നിർമ്മൂലനം ചെയ്യാൻ മോദിക്ക് പ്രചോദനമാകുന്നത് മുകളിൽ സൂചിപ്പിച്ച ഗാന്ധി വിരുദ്ധ കാഴ്ചപ്പാടുകൾ തന്നെയാണ്.
ഗാന്ധി ഘാതകർ ദേശ സ്നേഹത്തിന്റെ കുത്തക അവകാശപ്പെടുകയും ചരിത്രത്തെയും സംസ്‌കാരത്തെയും കാവിവൽക്കരിച്ച് ഹിന്ദുരാഷ്ട്ര നിർമ്മിതിക്കാവശ്യമായ രാഷ്ട്രീയ പരിസരം സൃഷ്ടിക്കാനുള്ള അജണ്ടയുമായി മുന്നോട്ട് പോവുകയും ചെയ്യുകയാണ്. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയകളോട് ഇന്നലെകളിൽ നിഷേധാത്മക സമീപനം സ്വീകരിച്ചവർ നമ്മുടെ സമന്വയ സംസ്കാരത്തെ അട്ടിമറിച്ചും വർഗ്ഗീയ അജണ്ട നടപ്പാക്കി പൗരന്മാരെ ധ്രുവീകരിച്ചുമുള്ള ഫാസിസ്റ്റ് ഭരണത്തിന് നേതൃത്വം നൽകുമ്പോഴും ‘ ഗാന്ധി സ്തുതി’ ഉയർത്തിപ്പിടിക്കുന്ന അത്യന്തം വിരോധാഭാസമായ കാഴ്ചയാണ് ഇവിടെ നമുക്ക് ദർശിക്കാൻ കഴിയുന്നത്.