രചന: ബഷീർ മുളിവയൽ
പ്രസിദ്ധമായ ആശുപത്രിയുടെ വരാന്തയാണ് ഞാൻ
ജീവിതം എത്ര നൈമിഷികമാണെന്ന്
അനുഭവത്തിലൂടെ പഠിച്ചതിനാൽ സദാസമയം പുഞ്ചിരിയോടെ ജനങ്ങളെ വരവേൽക്കുന്നു!
ഒരു പുഞ്ചിരികൊണ്ട്
ഉയർത്താൻ കഴിയാത്തത്ര
നിരാശയുടെ ആഴങ്ങളിലാണ് മനുഷ്യരെന്ന്
നിറം മങ്ങിയ ചിരി ബോധ്യപ്പെടുത്തുന്നുണ്ട് രോഗികൾ!
അലറിക്കരഞ്ഞുകൊണ്ട് ബന്ധുക്കൾ എടുത്തുകൊണ്ടുവന്ന മരിച്ചുപോയെന്ന് കരുതിയ എത്രയാളുകൾ
ചിരിച്ചും, തമാശ പറഞ്ഞും ഇറങ്ങിപോകുന്നത് ഞാൻ മലർന്നു കിടന്നു കണ്ടിരിക്കുന്നു!
അനായാസം നടന്നു വന്നവർ ചലനമറ്റു ശവമഞ്ചത്തിലേറി തിരിച്ചു പോകുന്നത് കണ്ട് കണ്ണുകൾ നിറഞ്ഞിട്ടുമുണ്ട്!
തണ്ട് വാടിയ പൂക്കൾ പോലെ
അമ്മയുടെ ചുമലിൽ തളർന്നു കിടക്കുന്ന കുട്ടികൾ
പയറു മണിപോലെ തുള്ളിച്ചാടി തിരിച്ചു പോകുന്നത് നോക്കി ചിരിച്ചിട്ടുണ്ട്!
ജീവിതം മനുഷ്യരുടെ കണക്കുകളിൽ ഉത്തരംകണ്ടെത്താനാകുന്ന കളിയല്ല എന്നെന്നെപ്പോലെ ആർക്കും മനസ്സിലാകില്ല!
ആശുപത്രിവരാന്തകളെല്ലാം കാതോർക്കുന്നത്
നവജാതശിശുവിന്റെ
കന്നിക്കരച്ചിലാണ്,
അത് കേൾക്കുമ്പോഴുള്ള അമ്മയുടെ പുഞ്ചിരിത്തിളക്കമാണ് കാണാൻ കൊതിക്കുന്നത്!
പെട്ടെന്നുള്ള ആംബുലൻസിന്റെ സൈറണിൽ
ഞെട്ടിവിറക്കുമെങ്കിലും ഞങ്ങൾ
ഒരൊറ്റ കുടച്ചിലിൽ സ്ട്രക്ച്ചറിനു പോകാനുള്ള വഴിയൊരുക്കി
ഐ സി യു വിനു മുന്നിൽ ശുഭ വാർത്തക്കുവേണ്ടിക്കാത്തിരിക്കാറുണ്ട്!
എങ്കിലും മനുഷ്യരെ ,
ആശുപത്രി വരാന്തകൾക്കെല്ലാം പറയാനുള്ളത്
” നിങ്ങൾ സി.സി. ടി. വി നിരീക്ഷണത്തിലാണ്” എന്നാണ്
ഏത് സാഹചര്യത്തിലും നിങ്ങളിൽ നിന്ന് മനുഷ്യത്വം ഇറങ്ങിപ്പോകുമെന്നതിനു ഞങ്ങൾക്ക് ഒരുപാടനുഭവങ്ങളുടെ തെളിവുകൾ ഹാജരാക്കാൻ കഴിയും.