2022 മാർച്ച് നാലിന് തിരുവനന്തപുരത്തെ എം എൻ വി ജി അടിയോടി ഹാളിൽ കൂടി നിന്ന യുവാക്കളോട് കാനം രാജേന്ദ്രൻ ഇങ്ങനെ പറഞ്ഞു; രാജ്യത്തെ ഫാസിസ്റ്റ് ശക്തികളിൽ നിന്ന് രക്ഷിക്കാൻ യുവാക്കൾ അണിനിരക്കേണ്ടതുണ്ട്. ജനാധിപത്യ മതേതര ഇന്ത്യക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ശക്തി പകരുക എന്നതാകണം നിങ്ങളുടെ ആദ്യത്തെയും അവസാനത്തെയും ലക്ഷ്യം. അതിന് മുതൽ കൂട്ടാവുക എന്ന ലക്ഷ്യത്തോടെ വേണം യങ് ഇന്ത്യ ന്യൂസ് പ്രവർത്തിക്കാൻ.
കേട്ടുനിന്ന യുവാക്കൾ ആവേശത്തോടെ ആ ആഹ്വാനം ഏറ്റെടുത്തു. 2022 ൽ എഐവൈഎഫിന്റെ ഓൺലൈൻ പോർട്ടലായ യങ് ഇന്ത്യ ന്യൂസ് ആരംഭിച്ചതു മുതൽ താങ്ങും കരുത്തുമായി നിന്ന സഖാവായിരുന്നു കാനം രാജേന്ദ്രൻ. എഐവൈഎഫ് ഓൺലൈൻ വെബ് പോർട്ടൽ തുടങ്ങുന്നു എന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ മുതൽ നൂറ് ശതമാനം പിന്തുണയോടെ അദ്ദേഹം ഒപ്പമുണ്ടായിരുന്നു.
യങ് ഇന്ത്യയുടെ എഡിറ്റോറിയൽ പോളിസികളും വാർത്ത കൈകാര്യം ചെയ്യുന്ന രീതിയും സഖാവ് സസൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. തിരുത്തലുകൾ വരുത്തിയും എടുക്കേണ്ട നിലപാടുകളെ വിശദീകരിച്ചു തന്നും എഐവൈഎഫിന്റെ തണലായി എന്നും കൂടെയുണ്ടായിരുന്നു. സമരമുഖങ്ങളിൽ സംഘടന അടിപതറാതെ മുന്നേറുമ്പോൾ മാധ്യമ രംഗത്ത് എഐവൈഎഫിന് കരുത്തുറ്റ പിന്തുണയേകാൻ യങ് ഇന്ത്യയെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന് സഖാവ് കാനം രാജേന്ദ്രന്റെ ശക്തമായ നിലപാടായിരുന്നു. യങ് ഇന്ത്യ വിശേഷാൽ ഓണപ്പതിപ്പ് ഇറക്കിയപ്പോഴും അത് വായിച്ച് അഭിപ്രായം പറയാൻ സഖാവ് സമയം കണ്ടെത്തിയിരുന്നു. യങ് ഇന്ത്യയുടെ വായനക്കാർ ഏറി വരുന്നതിൽ സഖാവിനെ അതിയായ ആഹ്ലാദമുണ്ടായിരന്നു.