എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
1959 ഏപ്രിൽ 28 മുതൽ മെയ് മൂന്ന് വരെ ഡൽഹിയിലെ കോൺസ്റ്റന്റിയ ഹാളിൽ വെച്ച് ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ നിന്നെത്തിയ യുവജന പ്രതിനിധികൾ സമ്മേളിച്ചാണ് സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ സംഘടിത ദേശീയ വിപ്ലവ യുവജന സംഘടന അഖിലേന്ത്യാ യുവജന ഫെഡറേഷന് (എഐവൈഎഫ്) രൂപം നൽകുന്നത്. 1906-ൽ ബംഗാളിൽ രൂപംകൊണ്ട യങ് ഇന്ത്യ ലീഗ് തൊട്ട് 1926ൽ ഭഗത്‌സിങ്ങിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ രൂപീകരിച്ച നൗ ജവാൻ ഭാരത് സഭ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ യുവജന പ്രസ്ഥാനങ്ങൾ സൃഷ്ടിച്ചെടുത്ത വിപ്ലവബോധത്തിൽ നിന്നുള്ള പ്രചോദനമായിരുന്നു എ ഐ വൈ എഫിന്റെ രൂപീകരണത്തിന്ന് നിദാനം.
ഇന്ത്യയിലെ ലക്ഷണമൊത്ത ആദ്യത്തെ യുവജനസംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൗ ജവാൻ ഭാരത് സഭയും അതിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന ഭഗത്‌സിങ്ങിന്റെയും വിപ്ലവാദർശത്തെ ഉൾക്കൊണ്ട് സാമ്രാജ്യത്വ വിരുദ്ധതയാലും ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങളാലും പ്രജോതിതമായ പ്രവർത്തന പാന്ഥാവിലൂടെയുള്ള ഐതിഹാസികമായ സമര പോരാട്ടങ്ങളുടെ ചരിത്രമാണ് എഐവൈഎഫിന്റേത്.

തൊഴിൽ അല്ലെങ്കിൽ ജയിൽ, രാസ്താ-രോഘോ, സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ, ആസാദി കാ ജാഗരൺ, ഹമാരാ ഭവിഷ്യ ഹമാര ഭാരത്, ദേശീയ ഐക്യ ദീപമാല, ദേശീയ ലോങ് മാർച്ചുകൾ പാർലമെന്റ് രാജ് ഭവൻ മാർച്ചുകൾ, പഞ്ചാബിൽ വർഗീയ-വിഘടനവാദികൾക്കെതിരെ പോരാടുന്ന ധീര ദേശാഭിമാനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന രക്ത പ്രതിജ്ഞ, ബാബറി മസ്ജിദ്-രാമജൻമഭൂമി തർക്കം രൂക്ഷമായപ്പോൾ നടന്ന സമര ചരിത്ര സംഗമം, മാനവ മൈത്രീ സംഗമം, സ്‌നേഹമതിൽ, ചരിത്രം കുറിച്ച വനിതാ മാർച്ച് അടക്കമുള്ള വൈഎഫിന്റെ അതിജീവന സമരങ്ങളും നിരന്തര പോരാട്ടങ്ങളും നിലയ്ക്കാത്ത മുദ്രാവാക്യങ്ങളും ഇന്ത്യൻ യുവത്വത്തിൽ സൃഷ്ടിച്ച പരിവർത്തനങ്ങൾ ചെറുതല്ല!
പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ മധ്യ ഘട്ടത്തിലാണ് രാജ്യം.ഏപ്രിൽ 26 ന് കേരളത്തിലെ ജനങ്ങൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിധിയെഴുതുകയുണ്ടായി. ഭരണ കാലയളവിൽ ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രപദ്ധതിയുടെ നിർവ്വഹണശ്രമങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടുള്ള നയങ്ങൾ അടിച്ചേല്പിക്കാനായിരുന്നു മോദി സർക്കാർ ശ്രമിച്ചത്. രാജ്യത്തെ സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളിലേക്ക് എത്തിക്കാനുള്ള ബിജെപി സർക്കാരിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായി നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമം പൗരത്വാവകാശത്തെ മതവിശ്വാസവുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത ഇന്ത്യൻ ഭരണഘടന വ്യവസ്ഥകളുടെ നഗ്നമായ ലംഘനമായിരുന്നു.
നിയമത്തിന്റെ രൂപീകരണവും അതിന്റെ നിലനിൽപ്പുതന്നെയും വിവേചനത്തെ അടിസ്ഥാനപ്പെടുത്തിയാകുന്നത് രാജ്യത്തിന്റെ ജനാധിപത്യ-മതേതര ഘടനയുടെ അന്ത:സത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നിരിക്കെ, ഇന്ത്യയുടെ ബഹു സ്വരതയെയും മത നിരപേക്ഷ പാരമ്പര്യങ്ങളെയും വെല്ലുവിളിച്ചു കൊണ്ടാണ് മതാധിഷ്ഠിത രാഷ്ട്രത്തിനായുള്ള പൊളിച്ചെഴുത്തു നടത്താൻ ശ്രമം നടത്തുന്നത് കേന്ദ്ര സർക്കാർ.

ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യാവകാശ ധ്വംസനങ്ങൾക്കെതിരെ സമാനതകളില്ലാത്ത പ്രതിഷേധങ്ങൾ ഉയർന്നുവരുമ്പോൾ പൗരന്മാർക്കിടയിൽ വൈകാരിക ഉത്തേജനം നിറച്ച് തങ്ങൾക്കെതിരായ ജനരോഷത്തെ വഴി തിരിച്ചു വിടാനായിരുന്നു ഭരണാധികാരികൾ ശ്രമിച്ചത്. രാജ്യത്തെ സ്നേഹിക്കുന്ന രാജ്യത്തിന്റെ ബഹുസ്വരത നില നിൽക്കണമെന്നാഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികളുടെയും മതേതര വാദികളുടെയും യോജിച്ച മുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുന്ന വേളയിൽ ഫാസിസ്റ്റ് ഭീഷണിയെ ഫലപ്രദമായി ചെറുക്കുന്നതിനും ഇന്ത്യയെ വീണ്ടെടുക്കുന്നതിനുമായുള്ള ഉത്തരവാദിത്വമാണ് എഐവൈഎഫ് പ്രവർത്തകർ ഏറ്റെടുക്കേണ്ടത്.