മുസാഫിര്‍
ഇന്ത്യൻ യുവത്വത്തിൽ ശോണസ്വപ്‌നങ്ങളുടെ നിറകതിർ വിളയിച്ച ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ മേയ് മൂന്നിന് സ്ഥാപകദിനം ആചരിക്കുന്നു. അറുപതുകളെ ഗർഭം ധരിച്ച ഇന്ത്യൻ കാലഘട്ടത്തിൽ സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരായ ചെറുപ്പക്കാരുടെ വിശാലമായ പോർമുഖം തുറക്കുകയായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ യുവജനപ്രസ്ഥാനമായ എഐവൈഎഫ്. ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റേയും അരുണാ ആസഫലിയുടെയുമെല്ലാം അനുഗ്രഹാശിസ്സുകളോടെയാണ് ഈ വിപ്ലവ യുവജനപ്രസ്ഥാനം പ്രശസ്തിയിലേക്കുയർന്നത്.
രണവീര്യത്തിന്റെ ആ എഐവൈഎഫ് പതാക എന്റെ ചെറുപ്പത്തിന്റെ സുഖദമായ ഓർമകൾ ചിത്രം വരച്ച മനസ്സിന്റെ തിരുമുറ്റത്ത് ഇതാ, ഇപ്പോഴും പാറിക്കളിക്കുന്നു. സ്വയം വിളിച്ചുകൊടുത്തതും ഏറ്റുവിളിച്ചതുമായ, താള -പ്രാസനിബദ്ധവും ആത്മപ്രചോദിതവുമായ മുദ്രാവാക്യങ്ങളുടെ പ്രതിധ്വനി വീണ്ടുമുണരുന്നു. ആത്മാർഥത മാത്രം കൈമുതലായ നേതാക്കളുടേയും സഖാക്കളുടേയും സ്നേഹോഷ്മളമായ പെരുമാറ്റവും കരുതലും മനസ്സിലേക്ക്, പതിറ്റാണ്ടുകൾക്കു ശേഷവും, ഊർജദായകമായ ഊഷ്മള സ്മൃതിയായി ജ്വലിച്ചുണരുന്നു. നിശ്ശബ്ദമായി ഞാനീ പ്രവാസലോകത്ത് നിന്നേറ്റുവിളിക്കുന്നുണ്ട്, ആ പഴയ മുദ്രാവാക്യം – എഐവൈഎഫ് സിന്ദാബാദ്…
എഐഎസ്എഫ് പണിത് തന്ന പാലം കയറിയാണ് പലരേയും പോലെ ഞാനും എഐവൈഎഫിന്റെ പടി കയറുന്നത്. മഞ്ചേരി എൻഎസ്എസ് കോളേജിലെ പ്രീഡിഗ്രിക്കാലത്താണ് എഐഎസ്എഫിലേക്ക് ആകൃഷ്ടനായത്. ഇടയ്ക്ക് ചില ലേഖനങ്ങളും കഥകളും മറ്റുമെഴുതിത്തുടങ്ങിയ കാലം. മാതൃഭൂമിയുടേയും ചന്ദ്രികയുടേയും ബാലപംക്തിയിൽ നിന്ന് മുതിർന്നവരുടെ പേജിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ജനയുഗം വാരികയിലൂടെയായിരുന്നു. വയലാർ രാമവർമ്മയുടെ ‘കൊന്തയും പൂണൂലും’ എന്ന കവിതയെക്കുറിച്ചുള്ള ആസ്വാദനം ജനയുഗം വാരികയിൽ പ്രസിദ്ധീകരിക്കാൻ നിമിത്തമായത്, കോളേജിലെ എന്റെ സീനിയറും പിൽക്കാലത്ത് സഖാവും സുഹൃത്തും സഹോദരനുമൊക്കെയായി മാറിയ കെ.എൻ.എ ഖാദറാണ്. പത്രാധിപരംഗത്തെ ആചാര്യനായ കാമ്പിശ്ശേരി കരുണാകരനെ പരിചയപ്പെടുത്തിത്തന്നതിലൂടെ ഖാദർ, അക്കാലത്തെ എന്റെ എഴുത്തിന്റെ ദിശ തന്നെ മാറ്റാൻ നിമിത്തമായി. ജനയുഗത്തിലും സിപിഐ താത്വികവാരികയായ നവയുഗത്തിലും ചില ലേഖനങ്ങൾ അച്ചടിച്ചതിലൂടെ, പാർട്ടിക്കാർക്കിടയിലും ഞാൻ പ്രിയപ്പെട്ടവനായി. മലപ്പുറം കോട്ടപ്പടിയിലെ സിപിഐ ജില്ലാ കൗൺസിൽ ഓഫീസ്, പാർട്ടിക്കാര്യങ്ങൾക്കെന്ന പോലെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും വേദിയൊരുക്കിയ സജീവകേന്ദ്രമായി.
കെ.എൻ.എ ഖാദറാണ് എന്നെ എഐഎസ്എഫിലേക്ക് കൊണ്ടു വന്നത്. എസ്എഫ്ഐ – എഐഎസ്എഫ് മുന്നണി, കോളേജ് യൂണിയൻ ഭരണം പിടിച്ചപ്പോൾ ഞാൻ കോളേജ് മാഗസിൻ എഡിറ്ററായി. അവിടത്തെ അധ്യാപകൻ, മഞ്ചേരി കോവിലകത്തെ പൊഫ. ശ്രീധരനുമായുള്ള അടുപ്പം, എന്നെ എഐഎസ്എഫിൽ ഉറപ്പിച്ചു നിർത്തി. ശ്രീധരൻ മാഷ്, പിന്നീട് സിപിഐ ജില്ലാ സെക്രട്ടറിയായി. അദ്ദേഹം ഞങ്ങളുടെയൊക്കെ ഒരു മെന്റർ കൂടിയായിരുന്നു, എല്ലാ അർത്ഥത്തിലും. എഐഎസ്എഫിന്റെ ജില്ലാ സെക്രട്ടറി പദവിയിലും സംസ്ഥാന കമ്മിറ്റിയിലുമൊക്കെ, അത്രയൊന്നും സംഘാടന പാടവമില്ലാതിരുന്ന ഞാൻ എങ്ങനെയെത്തിപ്പെട്ടുവെന്നത് ഇന്നും ആശ്ചര്യമാണ്. ഖാദർ പിന്നീട് ലീഗിലേക്ക് പോയി. ശ്രീധരൻ മാസ്റ്റർ ഈ ലോകത്ത് നിന്ന് പോയി. ഇതെഴുതുമ്പോൾ അദ്ദേഹത്തിന്റെ ഇളയ സഹോദരനും എഐവൈഎഫിൽ ഞങ്ങളുടെയൊക്കെ സഖാവുമായിരുന്ന അഡ്വ. പി കൃഷ്ണന്റെ നിര്യാണവാർത്തയറിഞ്ഞു. കടന്നുപോകുന്നവർ അവരുടെ പോരാട്ടത്തിന്റെ കാലഘട്ടത്തെ അടയാളപ്പെടുത്തി- ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ.
കോട്ടയത്തെ എ.ഐ.എസ്.എഫ് പത്താം സംസ്ഥാന സമ്മേളനം മറക്കാനാവില്ല. സാംസ്‌കാരിക സദസ്സിൽ പി. കേശവദേവിന്റെ ഉജ്വലപ്രസംഗം. തിരുവനന്തപുരത്ത് ലോകവിദ്യാർഥി ഫെഡറേഷന്റെ സമ്മേളനം, സോവിയറ്റ് യൂണിയനിൽ നിന്നും പൂർവജർമനിയിൽ നിന്നുമുള്ള പ്രതിനിധികളുടെ പ്രഭാഷണം, പി.കെ.വി, കണിയാപുരം രാമചന്ദ്രൻ, ആന്റണി തോമസ് തുടങ്ങിയവരൊക്കെ അണിനിരന്ന വേദി. (ആന്റണി തോമസിന്റെ പ്രതിഭ, കണിയാപുരത്തിന്റെ വാഗ്മിത, തോപ്പിൽ ഗോപാലകൃഷ്ണന്റെ സൗമ്യഭാവം, കാനം രാജേന്ദ്രന്റെ കർശനനിലപാടുകൾ…ഇങ്ങനെ പലതും ജിവിതത്തിൽ വരച്ചിട്ട രേഖാചിത്രങ്ങൾക്ക് ഇപ്പോളും നല്ല തിളക്കം.)
ഡൽഹി സിപിഐ കേന്ദ്ര ആസ്ഥാനമായ അജോയ്ഭവനിലെ രണ്ടരമാസം നീണ്ടു നിന്ന പാർട്ടി ക്ലാസ്. എസ് എ ഡാങ്കെ, സി. രാജേശ്വരറാവു, ഹിരൺ മുഖർജി, ഭൂപേഷ് ഗുപ്ത, സി.കെ. ചന്ദ്രപ്പൻ, സുധാകർ റെഡ്ഢി, സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ലിയോനിഡ് ബ്രഷ്നേവ്, ലോകഫുട്ബോൾ താരം ലെവ് യാഷീൻ തുടങ്ങിയവരെയൊക്കെ കാണാൻ ലഭിച്ച അപൂർവാവസരമാണ് ഡൽഹിയിലെ അക്കാലം സമ്മാനിച്ചത്.
കേരളത്തിലെ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ടി.എ മജീദിന്റെ മകൻ എം. നസീർ പ്രസിഡന്റും കെ. ബാലകൃഷ്ണൻ സെക്രട്ടറിയുമായി കോട്ടയം സമ്മേളനം തെരഞ്ഞെടുത്ത എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി. (നസീർ അകാലത്തിൽ അന്തരിച്ചു. കെ. ബാലകൃഷ്ണൻ പിന്നീട് ഹൈക്കോടതി ജഡ്ജിയായി). ആ കമ്മിറ്റിയിൽ ഞാനും അംഗമായി. ബിനോയ് വിശ്വം എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി. കെ.പി രാജേന്ദ്രൻ തൃശൂർ ജില്ലാ സെക്രട്ടറി (ഇരുവരും പിന്നീട് എഐഎസ്എഫിന്റേയും പാർട്ടിയുടേയും സംസ്ഥാന ഭാരവാഹികളും മന്ത്രിമാരുമായി. ബിനോയ് ഇപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി). എ.ഐ.എസ്.എഫ് പാലക്കാട് ജില്ലാ സെക്രട്ടറി എന്റെ പ്രിയ ചങ്ങാതി എൻ. സുബ്രഹ്മണ്യൻ (എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജധ്യാപകനായിരുന്ന സുബ്രഹ്മണ്യനും ചെറുപ്പത്തിലേ അന്തരിച്ചു)…
കനലെരിയാത്ത ഓർമകൾ നിരവധി. നല്ല കുറേ അനുഭവങ്ങളും സൗഹൃദങ്ങളും സമ്മാനിച്ച എഐഎസ്എഫ് കാലം. ജീവിതദർശനങ്ങളെ സ്വാധീനിച്ച സുവർണഘട്ടം. സ്മരണകളിൽ ഗൃഹാതുരതയുടെ അസംഖ്യം സംഭവപരമ്പരകൾ.
കണ്ണൂരിൽ ചേർന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനം എന്നെ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്തു. ലോകജനാധിപത്യ യുവജനസംഘടനയുടെ (ഡബ്ല്യു.എഫ്.ഡി.വൈ) ദേശീയ സമ്മേളനം അക്കാലത്ത് തിരുവനന്തപുരത്ത് നടന്നപ്പോൾ പ്രതിനിധിയായി പങ്കെടുത്തതും മറക്കാനാവാത്ത ഓർമ. മിതഭാഷിയും സദാ മൃദുസ്‌മേരനുമായ തോപ്പിൽ ഗോപാലകൃഷ്ണൻ അന്ന് എന്നെ ഏറെ ആകർഷിച്ച എഐവൈഎഫ് സംസ്ഥാന നേതാവാണ്. പിൽക്കാലത്ത് അദ്ദേഹം ജനയുഗം എഡിറ്ററായ കാലത്ത് ഞങ്ങൾക്കിടയിൽ പലതവണ കത്തിടപാടുകളുണ്ടായി. അകാലത്തിലാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായത്. ആന്റണി തോമസായിരുന്നു മനസ്സിലെ അന്നത്തെ മറ്റൊരു ഹീറോ. പനാമ സിഗരറ്റിന്റെ പുകച്ചുരുളുകൾക്കിടയിൽ ഇളം പുഞ്ചിരിയോടെ ദേശീയ അന്തർദേശീയ സംഭവങ്ങൾ വിവരിക്കുന്ന അദ്ദേഹത്തെപ്പോലുള്ള ധിഷണാശാലികളായ നേതാക്കളുടെ അഭാവം ഇന്ന് വിപ്ലവ വിദ്യാർഥി- യുവജനപ്രസ്ഥാനങ്ങളെ വല്ലാതെ അനാഥത്വത്തിലേക്കെറിയുന്നുണ്ടെന്നാണ് തോന്നുന്നത്. ലോകകമ്യൂണിസ്റ്റ് യുവജനനേതാക്കളുമായെല്ലാം സുദൃഢബന്ധം കാത്ത് സൂക്ഷിച്ചിരുന്ന ആന്റണി തോമസ് പാർലമെന്ററി മോഹങ്ങളിൽ നിന്നൊക്കെ മാറി നി്ന്നു. പാർട്ടിയുടെ വിദ്യാർഥി- യുവജന ഡിപ്പാർട്ടുമെന്റ് കമ്മിറ്റിയുടെ സാരഥിയായിരുന്നു അദ്ദേഹം. വൈ.എഫ് കാലഘട്ടം കഴിഞ്ഞ് ജീവിതം മറ്റൊരു ദിശയിലൂടെ വഴിമാറിയതോടെ ആന്റണി തോമസും ഓർമയായി. കണിയാപുരം രാമചന്ദ്രന്റെ പ്രസംഗങ്ങളുടെ കരുത്തിനെ വെല്ലാൻ, എനിക്ക് തോന്നുന്നു ഇന്നും മറ്റൊരാൾ വന്നിട്ടില്ല, ഒരു പാർട്ടിയിലും. സാഗരഗർജനമായിരുന്നു കണിയാപുരത്തിന്റെ പ്രഭാഷണങ്ങൾ. ആന്റണി തോമസിന്റെ അനിയൻ ടോമി, ഫെഡറൽ ബാങ്കിന്റെ മലപ്പുറം ബ്രാഞ്ചിലേക്ക് സ്ഥലം മാറി വന്ന 1981-82 കാലത്ത് അദ്ദേഹവുമായി പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സിഗരറ്റ് പുകയ്ക്കലിലെ കലാപരമായ ഭംഗി കണ്ട് പലപ്പോഴും സഹോദരൻ ആന്റണി തോമസിനെ ഓർക്കുകയും ചെയ്തിരുന്നു.
പാലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനവും ഫണ്ട് പിരിവും നടത്തിയ എൺപതുകളിലെ എ.ഐ.വൈ.എഫ് ഇപ്പോഴും മനസ്സിൽ വരയ്ക്കുന്നത് പോരാട്ടത്തിന്റേയും ലോകസമാധാനത്തിനായുള്ള ഉദ്‌ഘോഷണങ്ങളുടേയും മിഴിവാർന്ന ചിത്രങ്ങൾ. ബൽരാജ് സാഹ്നിയെപ്പോലുള്ള മഹാനടന്മാരും കൈഫി ആസ്മിയെപ്പോലുള്ള മഹാകവികളും വളർത്തിയെടുത്ത എ.ഐ.വൈ.എഫിന്റെ വിപ്ലവദൗത്യവും പുരോഗമനമുദ്രാവാക്യങ്ങളും കൂടുതൽ ചെറുപ്പക്കാരിലേക്ക് എത്തട്ടെയെന്നതാണ് ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കാനുള്ളത്. പ്രത്യേകിച്ചും രാജ്യത്തിനുമീതെ ഫാഷിസത്തിന്റെ കരാളഹസ്തങ്ങൾ പിടിമുറുക്കുന്ന ഈ കാലത്ത്.