രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഉജ്ജ്വലമായ പോരാട്ടത്തിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് അപകടകരമാം വിധം പ്രതിസന്ധികള്‍ നേരിടുകയാണ്. രാജ്യത്ത് അധികാരത്തിലേറിയ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ജനാധിപത്യവും മതേതരത്വവും കാറ്റില്‍ പറത്തി, രാജ്യത്തെ അവരുടെ തീയറികള്‍ക്ക് അനുസരിച്ച് മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ്.
എത്ര ശ്രമിച്ചിട്ടും ആര്‍എസ്എസിന് ഇന്ത്യയെ അവരുടെ വരുതിയിലാക്കാന്‍ സാധിക്കാതെ പോകുന്നത് അത്രമേല്‍ വൈവിധ്യം നിറഞ്ഞ സംസ്‌കാരത്തിന്റെ പ്രത്യേകതകള്‍ കൊണ്ടും ആ വൈവിധ്യങ്ങള്‍ നിലനിര്‍ത്താന്‍ മതേതര-പുരോഗമന-ഇടത് പ്രസ്ഥാനങ്ങള്‍ ആര്‍ജവത്തോടെ പോരാടുന്നതുകൊണ്ടുമാണ്.
ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയുടെ പൊരുതുന്ന യുവജന പ്രസ്ഥാനം എഐവൈഎഫ് വലിയൊരു ക്യാമ്പയിനുമായി മുന്നോട്ടു പോവുകയാണ്. മത ഭീകരവാദികളില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കാനായി മതേതര സംഗമങ്ങളുമായി എഐവൈഎഫ് ഇന്ന് സംസ്ഥാനത്ത് പ്രതിരോധത്തിന്റെ യുവജന മതിലുകള്‍ തീര്‍ക്കും.
രാജ്യത്തെ യുവജനങ്ങളുടെ അവസ്ഥ അത്രമേല്‍ ദുഷ്‌കരമായി മാറിയിരിക്കുകയാണ്. തൊഴിലില്ലായ്മയില്‍ അവര്‍ നട്ടം തിരിയുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് മോദി സര്‍ക്കാരിന്റെ കാലത്ത് അടയാളപ്പെടുത്തിയിരിക്കുന്നത്. തൊഴിലില്ലായ്മയില്‍ നിന്നും തകര്‍ന്ന സമ്പദ്ഘടനയില്‍ നിന്നും ശ്രദ്ധ തിരിക്കാനായി മോദി സര്‍ക്കാര്‍ ആര്‍എസ്എസിന്റെ ഫ്രിഞ്ച് ഗ്രൂപ്പുകളെ ഇറക്കി രാജ്യത്ത് കലാപം നടത്തുകയാണ്. വര്‍ഗീയതയുടെ കാവി നിറം പുതപ്പിച്ച് അവര്‍ രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നു.
ഈ അവസരത്തില്‍ മതേതര സംഗമം പോലുള്ള പ്രതിരോധ ക്യാമ്പയിനുകളുമായി എഐവൈഎഫ് ശക്തമായ ഇടപെടലുകള്‍ നടത്തുന്നത് ജനാധിപത്യ-മതേതര വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പതിനായിരങ്ങളാണ് ഇന്ന് സംസ്ഥാനത്തിന്റെ പതിനാല് ജില്ലകളിലും മതേതര സംഗമത്തിനായി അണിനിരക്കാന്‍ പോകുന്നത്.
രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാകുന്ന എല്ലാ ഘട്ടത്തിലും എഐവൈഎഫിന്റെ സഖാക്കള്‍ സമര മുഖങ്ങള്‍ തീര്‍ത്ത് പ്രതിരോധത്തിന്റെ കോട്ടകെട്ടി നമ്മുടെ രാജ്യത്തെ സംരക്ഷിച്ചിട്ടുണ്ട്. കരുത്തുറ്റ, ചങ്കൂറ്റമുള്ള ഹൃദയങ്ങളില്‍ നിന്നുയരുന്ന പുരോഗമന മുദ്രാവാക്യങ്ങള്‍ക്ക് മുന്നില്‍ എക്കാലത്തും പിന്തിരിപ്പന്‍ ശക്തികളും വര്‍ഗീയവാദികളും തോറ്റുപിന്തിരിഞ്ഞിട്ടു മാത്രമേയുള്ളു. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന്റെ ആവശ്യം ഉറക്കെ വിളിച്ചു പറഞ്ഞ് ഒരിക്കല്‍ക്കൂടി എഐവൈഎഫ് സമരമതിലുകള്‍ തീര്‍ക്കുമ്പോള്‍, ടീം യങ് ഇന്ത്യ സ്‌നേഹാഭിവാദ്യങ്ങള്‍ നേരുന്നു…
രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാര്‍ക്കും, ത്രിവര്‍ണ പതാകയുയര്‍ത്താന്‍ വീടുകളില്ലാത്ത ഇന്നാട്ടിലെ ഏറ്റവും താഴേത്തട്ടിലുള്ള പട്ടിണിപ്പാവങ്ങള്‍ക്ക്, വിയര്‍പ്പ് പൊടിച്ച് ഈ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പണിയെടുത്തു തളരുന്ന തൊഴിലാളികള്‍ക്ക്, അരികുവല്‍ക്കരിക്കപ്പെടുന്ന, മുഖ്യധാരയില്‍ നിന്ന് പുറത്താക്കപ്പെടുന്ന മനുഷ്യര്‍ക്ക്, ഇവര്‍ക്കെല്ലാം വേണ്ടി തെരിവിലറങ്ങി തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കുന്ന ഓരോ മനുഷ്യര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍…വരുംകാലം നമ്മുടേതാണ്…