അലൻ പോൾ വർഗീസ്
സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉത്ഭവം മുതലേ യുദ്ധങ്ങൾ ഒഴിവാക്കാനുള്ള ആഹ്വാനങ്ങൾ നിരന്തരം നൽകപ്പെട്ടിരുന്നു. സഖാവ് ലെനിൻ സോവിയറ്റ് യൂണിയന്റെ രൂപീകരണ ശേഷം നടപ്പിലാക്കിയ ആദ്യ നടപടികളിൽ ഒന്ന് റഷ്യ ഉൾപ്പെട്ടിരുന്ന യുദ്ധത്തിൽ നിന്ന് പിന്മാറുക എന്നതായിരുന്നു. ആയുധ കച്ചവടക്കാർക്ക് ഒഴികെ യുദ്ധത്തിൽ സമ്പൂർണ ലാഭം ആർക്കും ലഭിക്കുന്നില്ല. ഒന്നാം ലോക മഹായുദ്ധത്തിൽ നിന്ന് പിന്മാറിയ സോവിയറ്റ് യൂണിയൻ പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുന്നത് ചരിത്രത്തിൽ നമുക്ക് കാണാം. ഇതിന് കാരണം സോവിയറ്റ് യൂണിയനെ നാസി സൈന്യം ആക്രമിച്ചതാണ്. നാസിസം ലോകത്തിന് വലിയ ഭീഷണിയായ സാഹചര്യത്തിൽ യുദ്ധം അനിവാര്യമാണ് എന്നു സോവിയറ്റ് യൂണിയനും ജോസഫ് സ്റ്റാലിനും ലോകവും മനസിലാക്കി. നാസി സൈന്യത്തിന് കടുത്ത തിരിച്ചടി നൽകി സോവിയറ്റ് ചെമ്പട ബർലിൻ വരെ മുന്നേറി. കോൻസെൻട്രേഷൻ ക്യാമ്പുകളിൽ നരകിച്ച ജൂതരെ വിമോചിപ്പിച്ചു. പരാജയം മനസിലാക്കിയ ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. കമ്മ്യൂണിസം നാസിസത്തിൽ നിന്ന് ലോകത്തെ രക്ഷിച്ചു.

ഒരു കമ്മ്യൂണിസ്റ്റ് എന്ന രീതിയിൽ, ചരിത്രപരമായി യുദ്ധങ്ങളെ എതിർത്തിരുന്ന, യുദ്ധ വിരുദ്ധ പ്രസ്ഥാനത്തിന് ആഗോള തലത്തിൽ നേതൃത്വം നൽകിയവർ എന്ന രീതിയിൽ ഇപ്പോൾ നടക്കുന്ന റഷ്യ യുക്രൈൻ പ്രശ്‌നത്തെ നമ്മൾ എങ്ങനെയാണ് നോക്കി കാണേണ്ടത് ?
യുദ്ധം ഉണ്ടാകരുത് എന്ന നിലപാടിൽ ഉറച്ചു നിന്ന് കൊണ്ട് ചരിത്രം പഠിച്ചു വിശകലനം ചെയ്‌തു വേണം ഒരു നിലപാട് നമ്മൾ സ്വീകരിക്കാൻ. ബൂർഷ്വാ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ, ഗൂഢാലോചന സിദ്ധാന്തങ്ങളെ മുഖവിലയ്ക്കെടുക്കാതെ നെല്ലും പതിരും തിരിക്കാൻ നമ്മൾ ശ്രമിക്കണം.
എന്താണ് റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷത്തിന് കാരണം ? ഈ വിഷയം ഗഹനമായി മനസിലാക്കാതെ ഒരു നിലപാട് സ്വീകരിക്കാൻ സാധ്യമല്ല.

വ്ലാദിമിർ പുടിൻ റഷ്യയുടെ തലപ്പത്ത് വന്ന ശേഷം ഉക്രൈനുമായുള്ള പ്രശ്നങ്ങൾ വഷളായി. 2015ൽ മിൻസ്ക് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വച്ചുവെങ്കിലും അതിലെ വ്യവസ്ഥകൾ പാലിക്കാനും പ്രദേശത്തെ സംഘർഷങ്ങൾ അവസാനിപ്പിക്കാനും യുക്രൈൻ തയ്യാറായിട്ടില്ല.
ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോപ്പറേഷൻ എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം ഒരുപാട് തവണ യുക്രൈൻ കരാർ ലംഘിച്ചു. ഈ സാഹചര്യത്തിൽ ആണ് ലുഹാൻസ്ക്, ഡൊണേറ്റ്സ്‌ക് എന്നീ രണ്ട് പ്രദേശങ്ങളുടെ സ്വയം നിർണയ അവകാശം റഷ്യ അംഗീകരിച്ചു കൊടുത്തത്. രണ്ട് പ്രദേശങ്ങളിലും റഷ്യൻ ഭൂരിപക്ഷമുണ്ട്. അതിനാൽ ഈ സ്ഥലങ്ങളിൽ യുക്രൈൻ സേനയും ഫാസിസ്റ്റ് സംഘടനകളും ചേർന്ന് യുക്രൈൻവത്കരണം അഴിച്ചുവിടുകയും അത് പോലെ കൊലകൾ,റഷ്യൻ സംസ്കാരം ഇല്ലാതാക്കാൻ ശ്രമിക്കുക തുടങ്ങിയ പ്രവർത്തികൾ നടത്തുകയും ചെയ്തിരുന്നു. 2014 ൽ നടന്ന മിലിറ്ററി അട്ടിമറിക്ക് ശേഷം കീവിൽ ഭരണം ഏറ്റെടുത്ത തീവ്രദേശീയവാദികൾ റഷ്യൻ സംസ്കാരം ഇല്ലാതാക്കാൻ പുതിയ സഭ സ്ഥാപിക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി.

മിൻസ്ക് കരാറിന് കാരണമായത് യുക്രൈനിലെ ആഭ്യന്തര യുദ്ധമാണ്. റഷ്യഫോബിക്ക് തീവ്രദേശീയവാദികൾ നാറ്റോ, യൂറോപ്യൻ യൂണിയൻ അനുകൂല നയം സ്വീകരിച്ചു. അതിനെതിരെ ജനകീയ ചെറുത്തു നിൽപ് ഉണ്ടായപ്പോൾ ചെറുത്തു നിന്നവർക്ക് എതിരെ യുക്രൈൻ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് നടന്ന ആഭ്യന്തര യുദ്ധത്തിൽ 140000 പേർ കൊല്ലപ്പെട്ടു. 2.5 മില്യൺ പേർ അഭയാർത്ഥികളായി. ഇവർ ഇന്ന് റഷ്യയിൽ അഭയം പ്രാപിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് റഷ്യ ക്രിമിയ പിടിച്ചെടുത്തു. ശേഷം യു.എൻ സുരക്ഷ കൗൺസിൽ അംഗീകാരം നേടിയ മിൻസ്ക് കരാർ നിലവിൽ വന്നു. ഡോൺബാസ് പ്രദേശങ്ങൾക്ക് കൂടുതൽ അധികാരം നൽകുക, വെടിനിർത്തൽ തുടങ്ങിയവയാണ് കരാറിന്റെ കാതൽ.
ഇപ്പോൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഡോൺബാസ് രാജ്യങ്ങൾ റഷ്യയുടെ സൈനിക സഹായം തേടുകയും തുടർന്ന് ഈ പ്രദേശങ്ങളിൽ റഷ്യ സേനയെ വിന്യസിക്കുകയും ചെയ്തു. റഷ്യയുടെ ഒപ്പം ബലാറസ് സേനയും പ്രവേശിച്ചിട്ടുണ്ട്. അലക്സാണ്ടർ ലൂക്കഷെങ്കോ കാലങ്ങളായി റഷ്യൻ അനുകൂല നാറ്റോ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഡോൺബാസ് രാജ്യങ്ങൾ നികാരഗ്വ അടക്കമുള്ള രാജ്യങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്. ആന്റി നാറ്റോ രാജ്യങ്ങളുടെ ഒരു ചങ്ങല രൂപപ്പെടാൻ സാധ്യത കാണുന്നുണ്ട്.
നാറ്റോ – യുക്രൈൻ – നാസി സഖ്യം

പ്രശ്നങ്ങൾ വഷളാക്കാൻ പ്രധാന കാരണം നാറ്റോയാണ്. നാറ്റോയുടെ സാന്നിധ്യം ആണ് റഷ്യയെ കൂടുതൽ പ്രകോപിപ്പിച്ചത്. അതോടൊപ്പം യുക്രൈനിലെ നാസികൾക്ക് വേണ്ട സഹായങ്ങൾ നൽകാൻ നാറ്റോ മടിക്കുന്നില്ല. 2019 ൽ അമേരിക്ക Intermediate Range Nuclear Forces Treaty യിൽ നിന്ന് പിന്മാറി. ഈ കരാറിൽ നിന്ന് പിന്മാറുമ്പോൾ റഷ്യയെ ലക്ഷ്യം വച്ചു മിസൈലുകൾ സ്ഥാപികില്ല എന്ന ഉറപ്പിൽ നിന്നാണ് അമേരിക്ക വ്യതിചലിച്ചത്. തുടർന്ന് പോളണ്ടിൽ നാറ്റോ റഷ്യയിലേക്ക് ലക്ഷ്യം വയ്ക്കുന്ന മിസൈലുകൾ സ്ഥാപിച്ചു. ഇതിനെ തുടർന്ന് നോർഡ് സ്റ്റീം 2 പദ്ധതിയിൽ നിന്ന് ജർമ്മനി പിന്മാറിയതും റഷ്യയെ പ്രകോപിപ്പിച്ചു. നാറ്റോയുടെ സാറ്റലൈറ്റ് ആകാൻ യുക്രൈൻ ശ്രമിച്ചാൽ കടുത്ത നടപടി എടുക്കും എന്ന നിലപാടിൽ റഷ്യ എത്തിച്ചേർന്നത് ഇങ്ങനെയാണ്.
നാസികളെ സംരക്ഷിക്കാൻ യുക്രൈനും അമേരിക്കയും ശ്രമിക്കുന്നത് വലിയൊരു ഭീഷണിയായി നമ്മൾ കാണണം.
2020 ഡിസംബർ 16 നു ചേർന്ന യു.എൻ ജെനറൽ അസംബ്ലി പ്ലീനറിയിൽ നാസിസത്തെ മഹത്വവത്കരിക്കുന്ന പ്രവണതകൾ തടയാൻ, വംശീയതയുടെ ശക്തിപ്പെടൽ തടയാൻ Combating glorification of Nazism, Neo Nazism and other practices that contribute to fuelling contemporary forms of racism എന്ന പ്രമേയം വന്നു. ഇതിന് അനുകൂലമായി 130 രാജ്യങ്ങൾ വോട്ട് ചെയ്തു. എതിർത്തു വോട്ട് ചെയ്തത് രണ്ട് രാജ്യങ്ങൾ : അമേരിക്കയും യുക്രൈനും.

നാസി അനുകൂല, നാസി അനുസ്മരണ പരിപാടികൾ യുക്രൈനിൽ നടന്നിരുന്നത് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പല യുക്രൈൻ സർക്കാർ പ്രമുഖരും വച്ചു പുലർത്തിയ നാസി അനുകൂല മനോഭാവം പലകുറി അപലപിക്കപ്പെട്ടതാണ്.
നാറ്റോയും യൂറോപ്യൻ യൂണിയനുമാണ് റഷ്യ യുക്രൈൻ സംഘർഷത്തിലെ ഒന്നാം പ്രതി. 1990കളിൽ തങ്ങൾ ഇനി പുതിയ രാജ്യങ്ങളെ സ്വീകരിക്കില്ല എന്നു വാഗ്ദാനം നൽകിയ നാറ്റോ അത് പാലിച്ചില്ല എന്നു മാത്രമല്ല റഷ്യയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ മിസൈലുകൾ സ്ഥാപിക്കാനും അവർ ശ്രമിച്ചു. യുക്രൈനിന്റെ പരിതാപകരമായ സ്ഥിതി കാണുമ്പോൾ ഓർമ വരുന്നത് ഫിദൽ കാസ്ട്രോയുടെ വാക്കുകളാണ്. “ആരെയാണ് അമേരിക്ക രക്ഷിച്ചിട്ടുള്ളത് ?”

പുടിനെ കുറിച്ചുള്ള നമ്മുടെ നിലപാട് എന്തായിരിക്കണം ? പലർക്കും ആശയകുഴപ്പം ഉണ്ടാകുന്ന ഒരു ചോദ്യമാണ് ഇത്. നാറ്റോയുടെ സാമ്രാജ്യത്വ മോഹങ്ങൾക്ക് തിരിച്ചടിയായി നടക്കുന്ന ഈ സംഘർഷത്തിൽ തികഞ്ഞ സ്വേച്ഛാധിപതിയും റഷ്യൻ കുത്തകകളുടെ പ്രതിനിധിയും കമ്മ്യൂണിസ്റ്റ് വിരുദ്ധനായ പുടിനെ എങ്ങനെയാണ് നമ്മൾ നോക്കി കാണേണ്ടത് ? അതിനുള്ള ഉത്തരമിതാണ്. റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പോലെ വിഷയത്തിൽ അധിഷ്ടിതമായ പിന്തുണയാണ് നൽകേണ്ടത്. പുടിൻ റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളെ തകർക്കാൻ നോക്കുമ്പോൾ നമ്മൾ എതിർത്തിരുന്നു, ഇനിയും പുടിന്റെ നയങ്ങൾ എതിർക്കപ്പെടും. എന്നാൽ യുക്രൈനുമായുള്ള വിഷയത്തിൽ വലിയൊരു യുദ്ധം ഒഴിവാക്കി കൊണ്ടു നാറ്റോ നാസി സഖ്യത്തെ പുറത്താക്കുക എന്നതായിറിക്കണം മുൻഗണന. റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഗെന്നഡി സ്യുഗന്നൊവ് നൽകിയ പ്രസ്‌താവനകൾ സൂക്ഷ്‌മമായി വിലയിരുത്തിയാൽ തെളിച്ചമുള്ള ഒരു നിലപാട് സ്വീകരിക്കാൻ നമുക്ക് കഴിയും.
പുതിയ വാർത്ത കൂടി വന്നു കഴിഞ്ഞു. യുക്രൈനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ലുഗാൻസ്‌കിൽ കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കുമുള്ള നിരോധനം എടുത്തു മാറ്റി. 2015 മെയ് 15 നു യുക്രൈനിലെ ഫാസിസ്റ്റ് സർക്കാർ ഏർപ്പെടുത്തിയ ഈ നിരോധന നിയമം ഒരുപാട് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ കൊലപാതകത്തിന് കാരണമായി. എണ്ണമറ്റ സഖാക്കളുടെ ജീവനെടുക്കാൻ അധികാരം നൽകിയ നിയമം ഇനി അവിടെയില്ല. തോൽപ്പിക്കപ്പെടേണ്ടത് നാറ്റോയും അമേരിക്കയുടെ സാമ്രാജ്യത്വ മോഹവുമാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അമേരിക്കൻ അനുകൂല നയതന്ത്ര നയങ്ങൾ പുനർപരിശോധിക്കേണ്ട ഒരു ഘട്ടം കൂടിയാണ് ഇത്.
Sensible writing. Got new information .
ഉക്രൈൻ എന്ന രാജ്യത്തോട് റഷ്യ കാണിക്കുന്ന യുദ്ധക്കുറ്റകൃത്യങ്ങളോട്
വിയോജിക്കുന്നു