തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പെട്രോളുമായി യുവാവ് പിടിയിൽ. ബംഗളൂരു- കന്യാകുമാരി ഐലന്റ് എസ്പ്രസിൽ വന്ന യുവാവാണ് പെട്രോൾ കൈവശം വച്ചതിനു പിടിയിലായത്. രണ്ടര ലിറ്റർ പെട്രോൾ ആണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്നത്.
കോട്ടയം സ്വദേശി സേവിയർ വർഗ്ഗീസിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് തൃശൂരിൽ എത്തിയതാണ് യുവാവ്. ട്രെയിനിൽ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോൾ ആണ് കുപ്പിയിൽ ഉണ്ടായിരുന്നത് എന്നാണ് യുവാവ് മൊഴി നൽകിയത്. എലത്തൂർ ട്രെയിൻ തീവയ്പ്പുമായി ബന്ധപ്പെട്ട് ട്രയിനുകളിൽ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.
വാഹനം പാർസൽ അയക്കുമ്പോൾ ടാങ്കിൽ പെട്രോൾ ഉണ്ടാകരുത് എന്നതിനാൽ ആണ് പെട്രോൾ കുപ്പിയിൽ സൂക്ഷിച്ചത് എന്നാണ് യുവാവ് പറയുന്നത്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങൾ അടക്കം എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ കൈയിൽ കരുതരുതെന്നാണ് റെയിൽവേയുടെ നിർദ്ദേശം.