Monday, March 31, 2025
spot_imgspot_img
HomeEditorialതോറ്റു പോകാതിരിക്കാന്‍ കൂടെയുണ്ടാകും; ഇത് വാക്ക്-എഡിറ്റോറിയൽ

തോറ്റു പോകാതിരിക്കാന്‍ കൂടെയുണ്ടാകും; ഇത് വാക്ക്-എഡിറ്റോറിയൽ

ലവിധ സംസ്‌കാരങ്ങളാലും മതങ്ങളാലും ഭാഷാ പ്രയോഗങ്ങളാലും സമ്പന്നമായ നമ്മുടെ രാജ്യം അത് കണ്ടതില്‍വെച്ച് ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപോകുന്നത്. കോര്‍പ്പറേറ്റുകളാല്‍ നയിക്കപ്പെടുന്ന ഒരു കേന്ദ്ര ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന വര്‍ഗീയ സംഘടനയും നാടിന്റെ വൈവിധ്യത്തെയും സമ്പദ് ഘടനയെയും തല്ലി തകര്‍ത്ത് കിരാത ഭരണത്തിലൂടെ ഒരു ജനതയെ അടിമകളാക്കി മുന്നോട്ടുപോവുകയാണ്.

രാജ്യത്തിന്റെ സമസ്ത മേഖലയിലും പ്രതിസന്ധിയാണ്. ചുരുങ്ങിയ തലച്ചോറുകള്‍ കൊണ്ട് ചിന്തിക്കുന്ന ഒരു വിഭാഗം, വിശാലമായ ബൗദ്ധിക അന്തരീക്ഷം തച്ചുടച്ച് അവരുടെ പ്രത്യയശാസ്ത്രത്തിലേക്ക് നാടിനെ മുഴുവന്‍ നടത്തിക്കാനുള്ള ശ്രമത്തിലാണ്. രാജ്യത്തിന്റെ അക്കാദമിക്, സാംസ്‌കാരിക, സാമ്പത്തിക മേഖലകള്‍ മറ്റൊരു കാലഘട്ടത്തിലും കാണാത്ത തരത്തില്‍ അക്രമത്തിന് വിധേയമാവുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം ഏറെക്കുറെ പൂര്‍ണമായിരിക്കുന്നു. മികച്ച അക്കാദമിക പാരമ്പര്യമുണ്ടായുരുന്ന ജെഎന്‍യു പോലുള്ള സര്‍വകലാശാലകളെയും ഐഐടികളെയും സംഘപരിവാര്‍ പ്രത്യക്ഷത്തില്‍ തന്നെ ഉന്നം വയ്ക്കുന്നു.

ഭരണത്തിലെത്താന്‍ അകമഴിഞ്ഞു സഹായിച്ച കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യം വിറ്റു തുലയ്ക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തന്നെ നാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി, സ്വാതന്ത്ര്യ ദിനത്തിലും റിപ്ലബ്ലിക് ദിനത്തിലും ദേശീയ പതാകയേന്തി സ്വന്തം അവകാശങ്ങള്‍ക്കും ഭരണഘടന സംരക്ഷണത്തിനും വേണ്ടി പൗരര്‍ക്ക് തെരുവിലിറങ്ങി പൊരുതേണ്ട ഗതികേടിലേക്ക് രാജ്യം മാറി.

ജനിച്ച മണ്ണില്‍ അപരരാകപ്പെടാതിരിക്കാന്‍ ഒരുകൂട്ടം മനുഷ്യര്‍ നിരന്തരം പോരാടുന്നു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ രാജ്യദ്രോഹി ചാപ്പയടിച്ച് ജയിലുകളില്‍ അടക്കുന്നു. സാംസ്‌കാരിക പ്രവര്‍ത്തകരുടെ വായ്മൂടിക്കെട്ടുന്നു. സധൈര്യം മുന്നോട്ടുവരുന്ന ചുരുക്കം ചില ഗോവിന്ദ്‌ പന്‍സാരെമാരേയും ഗൗരി ലങ്കേഷുമാരെയും തോക്കിലൂടെയും കത്തിയിലൂടെയും ഇല്ലാതാക്കുന്നു. ഇതിനെയെല്ലാം ചോദ്യം ചെയ്യേണ്ട മാധ്യമങ്ങളാകട്ടെ, തല കുനിച്ചു നില്‍ക്കുകയാണ്.

ഈ കെട്ടകാലത്ത് ചെയ്യാനൊരുപാടുണ്ട് എന്നത് മാധ്യമസ്ഥാപനങ്ങള്‍ മറന്നുപോകുന്നു. ഭീഷണികള്‍ക്ക് മുന്നില്‍ ഭയന്നും സാമ്പത്തിക നേട്ടങ്ങള്‍ക്ക് മുന്നില്‍ കണ്ണു മിഴിച്ചും മാധ്യമങ്ങള്‍ നിശബ്ദരാകുമ്പോള്‍, ഉറപ്പായും നീതി നിഷേധമേറ്റുവാങ്ങുന്ന പൗരന്റെ ആഘാതത്തിന്റെ വ്യാപ്തി കൂടുകയാണ്.

നുണകളും അര്‍ധസത്യങ്ങളും മാത്രം പടച്ചുവിട്ട്, മനുഷ്യരെ പ്രതിരോധത്തിലാക്കുന്ന രീതി കേരളത്തിലെ മാധ്യമങ്ങളും സ്വീകരിച്ചു തുടങ്ങിയിട്ട് കാലമേറെയായി. ഈ അടുത്തിടെയായി, കേരളത്തില്‍ നടന്ന മാധ്യമ വിചാരണകളും പക്ഷം പിടിക്കലുകളും കാണിച്ചു തരുന്നത്, ജനകീയ സംവാദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വഴിയൊരുക്കിയ നമ്മുടെ മാധ്യമങ്ങളും മൂലധന താത്പര്യങ്ങളിലേക്ക് പൂര്‍ണമായി മാറി എന്നതാണ്.

ഉറപ്പായും കോര്‍പ്പറേറ്റ്-ഭരണകൂട-മാധ്യമ ഭീകരതയെ ചെറുക്കുക എന്നത് തന്നെയാണ് ഇക്കാലത്തെ ഏറ്റവും ആവശ്യമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം. ഇരകളാക്കപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക എന്നത് കാലമാവശ്യപ്പെടുന്ന കര്‍ത്തവ്യമാണ്. അത് ഞങ്ങള്‍ ഏറ്റെടുക്കുകയാണ്. മാധ്യമ മേഖലയില്‍ തിരുത്തല്‍ ശക്തികളായി മുന്നിലുണ്ടാകുമെന്നും തോറ്റു പോകാതിരിക്കാന്‍ ജനതയെ പ്രാപ്തരാക്കും വരെ ഈ കടമയില്‍ നിന്ന് പിന്നോട്ടു നടക്കില്ലെന്നും വായനക്കാര്‍ക്ക് ഉറപ്പു നല്‍കുകയാണ്. ഇതൊരു പോരാട്ടമാണ്, ഈ ഓട്ടത്തില്‍ ആത്യന്തികമായ വിജയം അടിച്ചൊതുക്കപ്പെട്ട ജനതയ്ക്ക് ഒപ്പമായിരിക്കും.

Share and Enjoy !

Shares
RELATED ARTICLES

2 COMMENTS

Comments are closed.

Most Popular

Recent Comments

Shares