പി പി ദിവ്യമാർ കേരളത്തിന്റെ ഭരണതലപ്പത്ത് ധാർഷ്ട്യം കാട്ടി നിലകൊള്ളുമ്പോൾ ഇരകളാക്കപ്പെടുന്ന അഴിമതിയുടെ കറപുരളാത്ത, ഉദ്യോഗസ്ഥർക്ക് നീതി ലഭിക്കണം. കമ്മ്യൂണിസ്റ്റ് ഭരണകർത്താവിൽ ജനങ്ങൾക്ക് ഒരു വിശ്വാസമുണ്ട്. പക്ഷെ, പി പി ദിവ്യ എന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കേരളത്തിലെ എൽഡിഎഫ് മുന്നണിക്കപ്പാടെ കളങ്കമായി മാറിയിരിക്കുകയാണ്. ജനങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിന്നും പ്രതീക്ഷിക്കുന്ന, ആഗ്രഹിക്കുന്ന സമീപനങ്ങൾ ഉണ്ട്. എന്നാൽ, വർത്തമാന രാഷ്ട്രീയത്തിൽ പി പി ദിവ്യയെ പോലുള്ളവർ കാണിക്കുന്ന വകതിരിവില്ലാത്ത നെറികേടുകൾ സർക്കാരിനെ ജനങ്ങൾക്കിടയിൽ നിന്നും അകറ്റുകയാണ് എന്ന ബോധം ഇടത് പാർട്ടികൾക്ക് ഉണ്ടാകണം.
അച്യുതമേനോനും പികെവിയും ഇഎംഎസും ഇ കെ നയനാറും അടക്കമുള്ള കമ്മ്യൂണിസ്റ്റ് അതികായരുടെ ഭരണത്തിൽ അഭിമാനം കൊള്ളുന്ന ഒരോ പൗരനും ഇന്ന് മൗനം പാലിക്കുകയാണ്. നേതാവിലേക്ക് ഉയർന്നാൽ പിന്നെ ആനപ്പുറത്തിരിക്കുന്ന പ്രതിതിയാണ്. ജനങ്ങൾ ധാനമായി തന്ന അധികാരം ജനങ്ങൾക്ക് തന്നെ തിരിച്ചെടുക്കാനുള്ള അവകാശമുണ്ടെന്ന വാസ്തവം മറക്കരുത്.
തനിക്ക് ക്ഷണം പോലുമില്ലാത്ത ഒരു പരിപാടിയിൽ ക്യാമറമാനുമായി ചെന്ന് ആ പരിപാടി അലങ്കോലപ്പെടുത്താനുള്ള പി പി ദിവ്യയുടെ ചേതോവികാരം ഇപ്പോഴും സംശയ നിഴലിൽ തന്നെയാണ്. ഒരു ഉദ്യോഗസ്ഥൻ അഴിമതിക്കാരനോ ആരോ അവട്ടെ, ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന സ്ഥാനത്തിരിക്കെ ദിവ്യയുടെ നടപടി തെറ്റ് തന്നെയാണ്. തെളിവുകൾ രണ്ട് ദിവസത്തിനുള്ളിൽ പുറത്തു വിടും എന്നായിരുന്നു അന്ന് ദിവ്യ വേദിയിൽ വച്ച് വിളിച്ച് പറഞ്ഞത്. നാളിതുവരെ ആയിട്ടും തെളിവൊന്നും പുറത്തുവിടാൻ ദിവ്യക്കായിട്ടില്ല. പക്ഷെ , പൊതു സമൂഹത്തിനു മുന്നിൽ വരുന്ന മറ്റ് വിവരങ്ങൾ ദിവ്യയെ പ്രതിക്കൂട്ടിൽ ആക്കിട്ടുണ്ട്. സങ്കൂചിത രാഷ്ട്രീയം കൈമുതലാക്കിയ ഇത്തരം നീർക്കോലികൾ പത്തിവിടർത്താൻ ശ്രമിക്കുന്നത് എൽഡിഎഫ് സർക്കാരിനെ പ്രതികൂലമായി ബാധിക്കും.
സോഷ്യൽ മീഡിയയിൽ ഇരുന്ന് കമ്മ്യൂണിസം വിളമ്പുന്ന ക്യാപ്സൂൾ ഉണ്ണിമാർ വെളുപ്പിക്കാൻ ശ്രമക്കുന്നവരുടെ കൂട്ടത്തിൽ ദിവ്യമാർ പെരുകുകയാണ് എന്ന സത്യം ഇനിയും തിരിച്ചറിഞ്ഞില്ല എങ്കിൽ അത് തള്ളിയിടുന്നത് അഘാതമായ ഗർത്തത്തിലേക്കായിരിക്കും. ജനം ഇതെല്ലാം കണുന്നുണ്ടെന്ന സത്യം മറക്കരുത്. നെറികേടിന്റെ പര്യായമായ ഇത്തരം ദിവ്യമാരെ നിലക്ക് നിർത്താൻ പാർട്ടിക്ക് സാധിച്ചില്ല എങ്കിൽ ഇരകളാക്കപ്പെടുന്ന നിരാലംബരായ പാവം മനുഷ്യരുടെ കുരുതി ഇനിയും ഉയരും.