ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും നിർണായക ഘട്ടത്തിൽ എത്തി നിൽക്കുന്ന സമയത്താണ് മറ്റൊരു മെയ് മൂന്നു കൂടി കടന്നു വരുന്നത്. ഇന്ത്യൻ വിപ്ലവ യുവജന സംഘടനകളുടെ മുന്നണി പോരാളികളായ അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ സ്ഥാപക ദിനമാണ് മെയ് മൂന്ന്. ലോകസഭ തിരഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ ഇന്ത്യയും ഫാസിസ്റ്റുകളും നേർക്കു നേർ ഏറ്റുമുട്ടുന്ന ഈ സമയത്ത്, പുരോഗമന ഇടതു യുവജന പ്രസ്ഥാനം എന്ന നിലയിൽ എഐവൈഎഫ് അതിന്റ എല്ലാ ശേഷിയും ഉപയോഗിച്ച് മതേതര ചേരിയെ ശക്തിപ്പെടുത്താനുള്ള അക്ഷീണ പ്രയത്നത്തിലാണ്.
വലിയ വെല്ലുവിളികളാണ് നമുക്ക് മുന്നിലുള്ളത്. നരേന്ദ്ര മോദി കണ്ണുരുട്ടുമ്പോൾ മുട്ടിലിഴയുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇന്ന് നമുക്കുള്ളത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ആട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന സംശയം ജനാധിപത്യ വിശ്വാസികളിൽ ഭയം സൃഷ്ടിച്ചിരിക്കുന്നു.
രാജ്യത്തെ നിയമ സംഹിതകൾ സംഘ പരിവാർ തോന്നുംപടി മാറ്റിയെഴുതുന്നു. വിദ്യാഭ്യാസ മേഖലയെ കാവി ഉടുപ്പിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നു. രാജ്യത്തിന്റെ സമ്പദ് ഘടന തകർന്ന് തരിപ്പണമായി. കർഷകർ അവരുടെ നിലനിൽപ്പിനു വേണ്ടി തെരുവിൽ നിരന്തരം പോരാടേണ്ട സാഹചര്യം.
രാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്ത മോദി, പാവങ്ങളുടെ കണ്ണീരു കണ്ട് ആനന്ദിക്കുന്നു. ഏതു നിമിഷവും വർഗീയ കലാപം പൊട്ടി പുറപ്പെടാം എന്ന ദുരവസ്ഥ രാജ്യത്ത് ഭീതിയുടെ നിഴൽ വീണിരിക്കുന്നു. ചെറുത്തു തോൽപ്പിക്കാൻ നമ്മൾ, ഇടതു പക്ഷം മാത്രമാണ് രണ്ടും കല്പ്പിച്ചു മുന്നിലിറങ്ങുന്നത്. നിരന്തര പോരാട്ടങ്ങൾ നടത്തേണ്ട ഈ സമയത്ത്, കൂടുതൽ കരുത്തോടെ, വ്യക്തമായ രാഷ്ട്രീയം പറഞ്ഞു മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണം. കഴിഞ്ഞ കാലങ്ങളിൽ എഐവൈഎഫ് ഉയർത്തി പിടിച്ച പുരോഗമന ആശയങ്ങൾ നമുക്ക് വഴികാട്ടും. നമ്മൾ മുന്നിട്ട് തന്നെ, പൊരുതുന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിന് യങ് ഇന്ത്യയുടെ പിറന്നാൾ ആശംസകൾ… പോരാട്ടം, അതൊരു വെറും വാക്കല്ല സഖാക്കളേ.