എഐവൈഎഫിന്റെ ആശയസമരത്തിന്റെ ഔദ്യോഗിക ശബ്ദമായ ‘യങ് ഇന്ത്യ’ ന്യൂസ് അഭിമാനാർഹമായ മൂന്ന് വർഷം പിന്നിട്ടിരിക്കുകയാണ്. സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക എന്നത് പ്രഖ്യാപിത നയമായി സ്വീകരിച്ചിട്ടുള്ള എഐവൈഎഫ് ജനാധിപത്യപ്രക്രിയയെ പരിപോഷിപ്പിക്കുന്ന സംവാദാത്മക രാഷ്ട്രീയാണ് എന്നും ഉയർത്തിപ്പിടിക്കുന്നത്.
അതിനനുസൃതമായ രാഷ്ട്രീയ വിദ്യാഭ്യാസം പ്രവർത്തകർ ആർജ്ജിച്ചെടുക്കണമെന്ന് സംഘടന നിഷ്കർഷിക്കുകയും ചെയ്യുന്നുണ്ട്.അത്തരമൊരു കാഴ്ചപ്പാട് തന്നെയാണ് ഓൺലൈൻ വെബ് പോർട്ടൽ തുടങ്ങാനുള്ള ആശയത്തിലേക്ക് നമ്മെ നയിച്ചത്.’യങ് ഇന്ത്യ’യുടെ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ തികഞ്ഞ ചാരിതാർഥ്യമുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ നാം വ്യത്യസ്ത വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളും അഭിപ്രായ പ്രകടനങ്ങളുംകേരളീയ സമൂഹത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. യുവജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറം നോക്കാതെയുള്ള ഇട പെടലുകളാണ് ‘യങ് ഇന്ത്യ’യുടേത്.
സാര്‍വദേശീയ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ഇതര സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളും സംസ്ഥാന രാഷ്ട്രീയവുമടക്കം വ്യത്യസ്ത പംക്തികളെന്ന നിലയിൽ ചിട്ടയായിത്തന്നെ വിഷയങ്ങൾ പരാമര്‍ശിക്കാന്‍ ‘യങ് ഇന്ത്യ’ ശ്രമിക്കുന്നുണ്ട്. മാര്‍ക്‌സിസം – ലെനിനിസത്തിന്റെ വൈജ്ഞാനികവും ധൈഷണികവുമായ പഠനങ്ങൾക്കും ‘യങ് ഇന്ത്യ’ പ്രാധാന്യം നൽകുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനും ഇടത് പക്ഷ രാഷ്ട്രീയത്തിനുമെതിരെ വിമർശകർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് വസ്തു നിഷ്ഠമായിത്തന്നെ പല അവസരങ്ങളിലും മറുപടി പറഞ്ഞിട്ടുമുണ്ട്. വിമർശനങ്ങൾക്കും വിയോജിപ്പുകൾക്കും ആശയ പരമായ പ്രതിരോധങ്ങൾ തീർക്കുമ്പോഴും പ്രതിപക്ഷ ബഹുമാനം കാത്ത് സൂക്ഷിച്ചു കൊണ്ടുള്ള തികഞ്ഞ സഹിഷ്ണുത മനോഭാവമാണ് ‘യങ് ഇന്ത്യ’യുടെ മുഖമുദ്ര.
പാർട്ടി – വൈ എഫ് പ്രവർത്തകരുടെയും അഭ്യുദയ കാംക്ഷികളുടെയും നിസ്സീമമായ സഹകരണത്തിലൂടെയാണ് ‘യങ് ഇന്ത്യ’ക്ക് ഇന്ന് കേരളീയ സമൂഹത്തിൽ ചുവടുറപ്പിക്കാൻ കഴിഞ്ഞത്.
വരും നാളുകളിലും ഇടത് പക്ഷ ധാർമികത ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രചാരണങ്ങളിലൂടെ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ കഴിയുമെന്ന ഉറച്ച ബോധ്യം തന്നെയാണ് നമ്മെ നയിക്കുന്നത്.