ടി കെ മുസ്തഫ വയനാട്
വിവാഹം രണ്ട് അരുവികൾ വ്യത്യസ്ത വഴികളിലൂടെ ഒഴുകി ഒരു പുഴയായി തീർന്ന് സാഗരത്തിൽ സംഗമിക്കും പ്രകാരം വ്യത്യസ്ത ഇടങ്ങളിൽ, സാഹചര്യങ്ങളിൽ, അവസ്ഥകളിൽ, പശ്ചാത്തലങ്ങളിൽ അഭിരമിച്ചിരുന്ന രണ്ടു പേർ ഹൃദയപൂർവം പരസ്പരം ലയിച്ചു മരണം വേർപെടുത്തും വരെ ഒന്നായി ജീവിക്കുന്ന പവിത്രമായ സംവിധാനം, സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പങ്ക് വെക്കലിന്റെ ഉദാത്തമായ അവസ്ഥ, ‘ഞാൻ ‘ ‘എന്റെ ‘ എന്ന സ്വത്വം ‘നീ ‘ ‘നിന്റെ ‘ എന്ന ജീവിത പങ്കാളിയുടെ സത്തയിൽ ലയിക്കുമ്പോഴാണ് വിവാഹത്തിന്റെ താളലയങ്ങൾ ശ്രുതി മധുരമാകുന്നത്. വിപരീത ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള വിദൂരതയിലെ രണ്ടു മനസ്സുകളുടെ വിധിയാലുള്ള യോജ്യതയും ഹൃദയങ്ങൾ ഒന്നിച്ചു ചേരുന്ന സ്നേഹ സാഫല്യവുമാണത്. വിവാഹം കച്ചവടമല്ല, പെൺ മക്കൾ വില്പന ചരക്കുമല്ല!
കഴിഞ്ഞ ദിവസം സ്ത്രീധന വിരുദ്ധ ദിനമായി നാം ആചരിച്ചിരുന്നു. വർത്തമാന കേരളത്തെ ഗ്രസിച്ചിരിക്കുന്ന അതി ഭീഷണമായ യാഥാർത്ഥ്യമായി മാറിയിരിക്കുകയാണ് സ്ത്രീ ധന പീഡനാനന്തരമുള്ള മരണങ്ങൾ. നിയമ വിരുദ്ധമായ സാമ്പ്രദായിക സംവിധാനങ്ങളോട് അനുരജ്ഞനപ്പെട്ടും അതിന്നകത്തെ സമസ്ത ജനാധിപത്യ വിരുദ്ധ പ്രവണതകളോടും സമരസപ്പെട്ടും എരിഞ്ഞടങ്ങാൻ വിധിക്കപ്പെടുന്ന പെൺ ജീവിതങ്ങൾക്ക് മുന്നിൽ പ്രഹസനങ്ങളായി മാറുന്നു നാഴികക്ക് നാല്പത് വട്ടം പ്രാഘോഷി ക്കപ്പെടുന്ന സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ചുള്ള വാചാലതകൾ.
കൊല്ലം ശാസ്താം കോട്ടക്കടുത്ത് ശാസ്താം നടയിൽ ഭർതൃ പീഡനത്തിൽ മനം നൊന്ത് ആത്മഹത്യയിൽ അഭയം പ്രാപിച്ച വിസ്മയയെ പോലുള്ളവരെ മറവിയുടെ ആഴങ്ങളിലേക്ക് അത്ര പെട്ടെന്ന് നമുക്ക് ആഴ്ത്തിക്കളയാനാകില്ല!
സ്ത്രീധന നിരോധനത്തിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും സ്ത്രീ സുരക്ഷക്കായുള്ള നിരവധി നിയമങ്ങളും അതിലുപരിയായ സംവിധാനങ്ങളും നില നിൽക്കുമ്പോൾ തന്നെ ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങൾ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം വിളിച്ചോതുന്നു.
1961 മെയ് 1 നാണ് സ്ത്രീധന നിരോധന നിയമം കേന്ദ്ര സർക്കാർ പാസ്സാക്കിയത്. സ്ത്രീധനമെന്നാൽ കക്ഷികളോ, ഏതെങ്കിലും കക്ഷിയുടെ മാതാപിതാക്കളോ, അല്ലെങ്കിൽ വിവാഹവുമായി ബന്ധപ്പെട്ട് മറ്റാരെങ്കിലുമോ വിവാഹത്തിന് നൽകിയ സ്വത്ത്, സാധനങ്ങൾ അല്ലെങ്കിൽ പണം എന്നിവ ഉൾപ്പെടുന്നു. എന്നാൽ പ്രസ്തുത നിയമത്തിന്റെ ഉള്ളടക്കം സ്ത്രീധനം തടയുന്നതിൽ ഫലപ്രദമല്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നതിന്റെയും സ്ത്രീധനവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരായി നടക്കുന്ന പ്രത്യേക തരത്തിലുള്ള അക്രമങ്ങൾ ഇല്ലായ്മ ചെയ്യുന്നതിലെ അപര്യാപ്തത ചോദ്യം ചെയ്യപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ 1984 ൽ നിയമം ഭേദഗതിക്ക് വിധേയമായി.
വിവാഹസമയത്ത് വധുവിനോ വരനോ നൽകിയ സമ്മാനങ്ങൾ അനുവദനീയമാണെന്ന് ഭേദഗതിയിൽ വ്യക്തമാക്കുമ്പോൾ തന്നെ ഓരോ സമ്മാനവും അതിന്റെ മൂല്യം, അത് നൽകുന്ന വ്യക്തിയുടെ ഐഡന്റിറ്റി, വിവാഹിതരാകുന്ന ഏതെങ്കിലും കക്ഷിയുമായുള്ള വ്യക്തിയുടെ ബന്ധം എന്നിവ വിവരിക്കുന്ന ഒരു ലിസ്റ്റ് പരിപാലിക്കണമെന്ന് നിയമം അനുശാസിച്ചു.സ്ത്രീധനവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ പെടുന്ന സ്ത്രീകളെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ പീനൽ കോഡിലെ നിയമവും പ്രസക്തമായ വിഭാഗങ്ങളും കൂടുതൽ ഭേദഗതി ചെയ്യുകയുണ്ടായി.
സ്ത്രീധനം നൽകുന്നതിനും സ്വീകരിക്കുന്നതിനും കുറഞ്ഞതും കൂടിയതുമായ ശിക്ഷകൾ സ്ഥാപിക്കുകയും, വിവാഹവുമായി ബന്ധപ്പെട്ട് പണത്തിന്റെയോ സ്വത്തിന്റെയോ സ്ത്രീധനം അല്ലെങ്കിൽ പരസ്യ ഓഫറുകൾ എന്നിവ ആവശ്യപ്പെടുന്നതിന് പിഴ ഈടാക്കുകയും ചെയ്യുന്നു പ്രസ്തുത നിയമം .
ഇന്ത്യൻ പീനൽ കോഡിൽ (ഇന്ത്യൻ ശിക്ഷാ നിയമം) വകുപ്പ് 498 എ – സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിനെതിരെയും ,വകുപ്പ് 304ബി-സ്ത്രീധനത്തെ ചൊല്ലിയുള്ള മരണത്തിനെതിരെയുമാണ് നിലനിൽക്കുന്നത് . വകുപ്പ് 406 സ്ത്രീധനപീഡനം മൂലമുള്ള ആത്മഹത്യയ്ക്കുള്ള പ്രേരണാകുറ്റത്തിനെതിരായാണ് നിലകൊള്ളുന്നത്.
1983 ലെ സംയുക്ത പാർലമെന്ററി കമ്മിറ്റി റിപ്പോർട്ടിൽ സ്ത്രീധന പീഡനങ്ങളെ സംബന്ധിച്ചു നടത്തിയ പരാമർശങ്ങൾ കൂടി പരിഗണിച്ചാണ് പ്രസ്തുത വർഷം തന്നെ ഇന്ത്യൻ പീനൽ കോഡിലെ 498 വകുപ്പിന് എ എന്നൊരു അനുബന്ധം കൂടി കൂട്ടിച്ചേർത്തത്.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനോ കൊടുക്കുന്നതിനോ പ്രേരിപ്പിക്കുന്നതും ചുരുങ്ങിയത് 5 കൊല്ലത്തേയ്ക്കുള്ള തടവിനും 15000 രൂപയോ സ്ത്രീധന തുകയോ, ഇതിൽ ഏതാണ് കൂടുതൽ, ആ തുകയ്ക്കുള്ള പിഴയ്ക്കും ബാധകമായ കുറ്റകൃത്യങ്ങളായി കണക്കാക്കുന്നു.
സ്ത്രീധനം ആവശ്യപ്പെട്ടാൽ 6 മാസം മുതൽ 2 വർഷം വരെനീട്ടാവുന്ന തടവുശിക്ഷയാണ് ലഭിക്കുക,കൂടാതെ 10000 രൂപ പിഴയും ഒടുക്കേണ്ടി വന്നേയ്ക്കാം.
മാധ്യമങ്ങളിലൂടെ സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പരസ്യം നൽകുന്നത് 6 മാസം മുതൽ 5 വർഷം വരെ നീട്ടാവുന്ന തടവുശിക്ഷയോ 15000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റ കൃത്യമാണ്.
2005 ൽ നാഷണൽ ഫാമിലി ഹെൽത്ത് സെന്റർ നടത്തിയ സർവ്വേ പ്രകാരം 15 മുതൽ 49 വരെ പ്രായമുള്ള ഇന്ത്യൻ സ്ത്രീകളിൽ 33.5 ശതമാനം പേർ ഗാർഹിക പീഡനത്തിനിരയാകുന്നു എന്ന ഞെട്ടിക്കുന്ന വസ്തുത പുറത്തു വരികയുണ്ടായി. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ കുറ്റ കൃത്യങ്ങളിൽ മുന്നിൽ ഗാർഹിക പീഡനങ്ങളാണ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ലണ്ടൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ ഇന്ത്യയെ പെടുത്തിയിരിക്കുന്നതായി കാണാൻ കഴിയും. 2019 ൽ രാജ്യത്ത് 405861സ്ത്രീ പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ 2020 ൽ ഇത് ഏഴ് ശതമാനം വർദ്ധിക്കുകയുണ്ടായി.
ദേശീയ ശരാശരി പ്രകാരം മണിക്കൂറിൽ ഒരു സ്ത്രീ വീതം സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ട്.2001 ജനുവരി മുതൽ 2012 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ 91202 സ്ത്രീ ധന മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു. 2001 ൽ 6851 മരണങ്ങളെങ്കിൽ 2006 ൽ 7618 ആയും 2012 ൽ 8233 ആയും ആശങ്കാജനകമാംവിധം വർദ്ധിച്ചതായി കാണാം.
2015 ൽ 7634 സ്ത്രീധന പീഡന മരണങ്ങൾ എന്നാണ് കണക്ക്.
2015 വരെയുള്ള ഔദ്യോഗിക വിവരങ്ങളാണ് കേന്ദ്ര സർക്കാർ വെബ്സൈറ്റിൽ നിലവിൽ ലഭ്യമായിട്ടുള്ളത്.
കേരളത്തിലേക്ക് വന്നാൽ സംസ്ഥാന പോലീസിന്റെ കണക്കുകൾ പ്രകാരം ഭർത്താവിൽ നിന്നും ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നും സ്ത്രീകൾ പീഡനമേൽക്കേണ്ടി വരുന്ന കേസുകളുടെ എണ്ണം 2016 ൽ 3455, ശേഷം വർഷങ്ങളിൽ യഥാക്രമം 2856, 2046, 2991, 2715 എന്നിങ്ങനെയും 2021 ൽ ഇത് വരെ 1080 എന്നിങ്ങനെയുമാണെന്ന് കാണാൻ കഴിയും. സ്ത്രീ ധനവുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 2016ൽ 25, 2017 ൽ 12, 2018 ൽ 17,2019-20 വർഷങ്ങളിൽ 6 എന്നിങ്ങനെയാണ്.
സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം വിവിധ കാലയളവുകളിലായി നമ്മുടെ കേരളത്തിൽ സ്ത്രീ ധന പീഡനാനന്തരം മരണമടയുന്ന സ്ത്രീകളുടെ എണ്ണവും പ്രസ്തുത മരണങ്ങളുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണവും തമ്മിൽ വലിയ രീതിയിലുള്ള അന്തരമുള്ളതായി പറയുന്നു.പരാതി നൽകുന്നതിനായുള്ള ഇരകളുടെ നിസ്സംഗതക്ക് കാരണം സ്ത്രീ ധനം സ്വീകരിക്കുന്നത് പോലെ തന്നെ നൽകുന്നതും ശിക്ഷായോഗ്യമാകുമെന്ന നിയമ വശം തന്നെ.
നിയമം മൂലം നിർമാർജ്ജനം ചെയ്തിട്ടും അപമാനകരമായി തുടരുന്ന സാമൂഹ്യ വിപത്തിന്നെതിരെ യുവജന സംഘടനകൾ ശക്തമായി പ്രതികരിക്കണം.
സ്ത്രീധനത്തിന്റെ വേരറുക്കുന്നതിനാവശ്യമായ പോരാട്ടങ്ങളും സ്ത്രീധന വിരുദ്ധ ക്യാമ്പയിനുകളും സാമൂഹ്യ ഉത്തരവാദിത്വമായി കണ്ടു കൊണ്ടുള്ള ക്യാമ്പയിനുകൾ സജീവമാക്കണം.
ഇനിയൊരു ജീവനും സ്ത്രീ ധനത്തിന്റെ പേരിൽ പൊലിഞ്ഞു പോകാൻ ഇട വരരുത്.
വിവാഹ കമ്പോളത്തിലെ ചരക്കുകൾ അല്ല പെൺ കുട്ടികൾ
ഏട്ടിലെ പശു പുല്ല് തിന്നില്ല, സാമൂഹ്യ ഉത്തരവാദിത്വമായിക്കണ്ട് നാം ജാഗ്രത പാലിച്ചേ മതിയാകൂ.